ഇടുക്കി:നക്ഷത്ര ഗ്രാമം ഒരുക്കി ക്രിസ്‌തുമസിനെ വരവേൽക്കുകയാണ് ഇടുക്കി രാജകുമാരി ഇടവക അംഗങ്ങൾ. കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഒരു നക്ഷത്ര ഗ്രാമം തന്നെ ഒരുക്കി വേറിട്ട വർണ വിസ്‌മയം തീർത്തത്. രാജകുമാരി ദൈവമാതാ ഇടവകയിലെ കുടുംബ കൂട്ടായ്‌മകൾ വിവിധ വലിപ്പത്തിലും വർണത്തിലുമുള്ള 40ൽ അധികം നക്ഷത്രങ്ങളാണ് ദേവാലയത്തിന്‍റെ മുൻപിൽ ഒരുക്കിയിരിക്കുന്നത് (Devamatha Church Rajakumari Idukki Christmas celebration).
രക്ഷകന്‍റെ വരവ് അറിയിച്ച് കിഴക്ക് ഒരു നക്ഷത്രമാണ് ഉദിച്ചതെങ്കിൽ പ്രശസ്‌ത മരിയൻ തീർഥാടന കേന്ദ്രമായ രാജകുമാരി ദൈവമാതാ ദേവാലയ മുറ്റത്ത് നക്ഷത്ര സമൂഹമാണ് രക്ഷകനെ വരവേൽക്കുന്നത്. ക്രിസ്‌തുമസ് ആഘോഷങ്ങളുടെ ഭാഗമായി കുടുംബ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ദൈവാലയ അങ്കണത്തിൽ നക്ഷത്ര ദീപങ്ങളുടെ ഗ്രാമം ഒരുങ്ങി. പള്ളിയങ്കണത്തിൽ നക്ഷത്രങ്ങൾ വർണ വെളിച്ചം വിതറുകയാണ്.
കുടുംബ കൂട്ടായ്‌മകൾ മത്സര അടിസ്ഥാനത്തിലാണ് പള്ളിമുറ്റത്ത് നക്ഷത്രങ്ങൾ സ്ഥാപിച്ചത്. അഞ്ച് അടിയോളം ഉയരമുള്ള നക്ഷത്ര വിളക്കുകളാണ് ഓരോ യൂണിറ്റുകളും അണിയിച്ചൊരുക്കിയിരിക്കുന്നത്. 43 കുടുബ കൂട്ടായ്‌മകൾ തിരുമുറ്റത്ത് നക്ഷത്ര വിളക്കുകൾ നാട്ടിയതോടെ വർണ വിസ്‌മയങ്ങളുടെ മനോഹര കാഴ്‌ചയായി മാറിയിരിക്കുകയാണ് രാജകുമാരി ദേവമാതാ ദേവാലയവും പരിസരവും.