ഇടുക്കി: മഞ്ഞുകാലത്തിന്‍റെയും ക്രിസ്‌മസിന്‍റെയും വരവറിയിച്ച് ഹൈറേഞ്ചിന്‍റെ മലയോരങ്ങളില്‍ ഡെയ്‌സി ചെടികൾ പൂവിട്ടു. മഞ്ഞുകാലത്ത് തണുത്ത താഴ്‌വരയില്‍ കുളിര്‍കാഴ്‌ചയാകുകയാണ് ഈ പൂക്കള്‍. വഴിയോരങ്ങളിലും വീടുകളോട് ചേര്‍ന്നും പുഷ്പ്പിച്ചു നില്‍ക്കുന്ന ഡെയ്‌സി ചെടികള്‍ നയനമനോഹരമായ കാഴ്‌ചയാണ് സമ്മാനിക്കുന്നത്. ഡിസംബര്‍ മാസത്തില്‍ പൂക്കുന്നതിനാല്‍ ക്രിസ്‌മസ് ട്രീയെന്നും ഇവയെ വിശേഷിപ്പിക്കുന്നു.
മഞ്ഞുകാലത്തെ വരവേറ്റ് മലയോരത്തെ ഡെയ്‌സി പൂക്കൾ - മഞ്ഞുകാലം
വെള്ള നിറത്തിലുള്ള പൂക്കളോട് കൂടിയ ഡെയ്‌സി ചെടികൾ ശീതകാലമായ നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് പുഷ്പ്പിക്കുന്നത്
![മഞ്ഞുകാലത്തെ വരവേറ്റ് മലയോരത്തെ ഡെയ്‌സി പൂക്കൾ daisy flowers idukki high range ഡെയ്‌സി പൂക്കൾ മഞ്ഞുകാലം ക്രിസ്‌മസ് കാലം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5233285-thumbnail-3x2-de.jpg)
മധ്യഅമേരിക്കയാണ് ഡെയ്‌സിയുടെ ജന്മദേശം. വെള്ള നിറത്തിലുള്ള പൂക്കളുകളോട് കൂടിയ ചെടി ശീതകാലമായ നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് പുഷ്പ്പിക്കുന്നത്. സൂര്യകാന്തിയുടെ കുടുംബമായ ആസ്റ്റരേസിയാ വര്‍ഗത്തില്‍പ്പെട്ട ഇവക്ക് സൂര്യകാന്തി പൂക്കളോട് സാദൃശ്യമുള്ള പൂക്കളും ഇലകളുമാണുള്ളത്. പത്ത് അടിയില്‍ കൂടുതല്‍ ഉയരത്തില്‍ വളരുന്ന ചെടിക്ക് അമ്പത് വര്‍ഷത്തിലധികം ആയുസുണ്ട്.
തണുപ്പ് കാലത്തിന്‍റെ ആരംഭത്തില്‍ തന്നെ പുഷ്പ്പിക്കുന്ന പൂക്കള്‍ക്ക് ചോക്ലേറ്റിന്‍റെ മണമാണ്. വിരിഞ്ഞ പൂക്കള്‍ കൊഴിഞ്ഞുപോയതിന് ശേഷം ഇളംമഞ്ഞ നിറത്തോട് കൂടിയ വിത്തുകള്‍ ചെടിയില്‍ അവശേഷിക്കും. ശീതകാല മേഖലയില്‍ വളരുകയും പുഷ്പ്പിക്കുകയും ചെയ്യുന്ന ഇവയ്ക്ക് വരള്‍ച്ചയെയും അതിജീവിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മഞ്ഞുകാലത്തിന്‍റെ വരവറിയിച്ചുകൊണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഡെയ്‌സി ചെടികള്‍ പുഷ്പ്പിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ ആരാമവൃക്ഷമായി നട്ടുപരിപാലിക്കുന്ന ഡെയ്‌സി ചെടികള്‍ ഇന്ത്യയില്‍ സഹ്യപര്‍വതനിരകളില്‍ ധാരാളമായി കണ്ടുവരുന്നു.