ഇടുക്കി: ജില്ലയിലെ സ്റ്റുഡിയോകൾ കേന്ദ്രീകരിച്ച് സൈബര്‍ ആക്രമണം വ്യാപകമാകുന്നു. കമ്പ്യൂട്ടറുകളിലെ ഫയലുകൾ തുറക്കാൻ സാധിക്കാതെ വരികയും തിരികെ ലഭിക്കുന്നതിനായി ആവശ്യപ്പെടുന്നത് ലക്ഷങ്ങളുമാണ്. സ്റ്റുഡിയോയുടെ പ്രവര്‍ത്തനം തന്നെ പ്രതിസന്ധിയിലാണെന്ന് ജീവനക്കാർ പറയുന്നു.
ഇടുക്കിയിലെ സ്റ്റുഡിയോകൾ കേന്ദ്രീകരിച്ച് വ്യാപക സൈബർ ആക്രമണം - സൈബർ ആക്രമണം
കമ്പ്യൂട്ടറുകളിൽ മുമ്പുണ്ടായിരുന്ന എല്ലാ ഫയലുകളും ഡോട് കെഎഎച്ച്പി എന്ന എക്സ്റ്റന്‍ഷനോടെയാണ് നിലവില്‍ കാണപ്പെടുന്നത്. ഇത് തുറക്കാനാവില്ല
ഇടുക്കിയിലെ ഗ്രാമീണ മേഖലയിലടക്കമുള്ള നിരവധി സ്റ്റുഡിയോകളിൽ ഫയലുകള്‍ നഷ്‌ടപ്പെട്ടു കഴിഞ്ഞു. നെടുങ്കണ്ടം ബസ് സ്റ്റാൻഡിന് സമീപം പ്രവര്‍ത്തിക്കുന്ന ഓഡിയോ, വിഡിയോ റെക്കോര്‍ഡിങ് സ്റ്റുഡിയോയിലെ കമ്പ്യൂട്ടറില്‍ നിന്നാണ് ഇപ്പോൾ ഫയലുകള്‍ നഷ്‌ടപ്പെട്ടത്. മുമ്പുണ്ടായിരുന്ന എല്ലാ ഫയലുകളും ഡോട് കെഎഎച്ച്പി എന്ന എക്സ്റ്റന്‍ഷനോടെയാണ് നിലവില്‍ കാണപ്പെടുന്നത്. എന്നാൽ ഇത് തുറക്കാനാവില്ല. ഫയലുകള്‍ നഷ്‌ടപ്പെടില്ലെന്നും പണം അടച്ചാല്‍ തിരികെ നല്‍കുമെന്നുമുള്ള സന്ദേശമാണ് ഫയലുകൾ തുറക്കുമ്പോൾ പ്രത്യക്ഷപ്പെടുന്നത്. ഏകദേശം രണ്ട് ലക്ഷം രൂപയോളം വരുന്ന തുക ബിറ്റ് കോയിനായാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ പണം അടച്ചാലും ഫയല്‍ ലഭിക്കുമോ എന്നുറപ്പില്ലെന്ന് ഇവർ പറയുന്നു. ചില വര്‍ക്കുകളുടെ കോപ്പി സൂക്ഷിച്ചിട്ടില്ലാത്തതിനാല്‍ അവ പൂർണമായും നഷ്‌ടപെടുന്ന സ്ഥിതിയാണുള്ളത്.
കൊവിഡ് കാലത്ത് ഏറ്റവുമധികം പ്രതിസന്ധി നേരിട്ട മേഖലകളിലൊന്നാണ് ഫോട്ടോഗ്രഫി. സൈബര്‍ അധോലോകങ്ങളെ കണ്ടെത്താനുള്ള നടപടി പൊലീസ് സൈബര്‍ സെല്ലിന്‍റെ നേതൃത്വത്തില്‍ ആരംഭിക്കണമെന്നാണ് ഇവരുടെ ആവശ്യം. എല്ലാ ഫയലുകളുടെയും പകര്‍പ്പ് സൂക്ഷിക്കാൻ ഫോട്ടോഗ്രഫി മേഖലയിലുള്ളവർ ശ്രദ്ധിക്കണമെന്ന് ആക്രമണത്തിന് ഇരയായവര്‍ പറയുന്നു. കമ്പ്യൂട്ടറുകളിലെ ഫയലുകള്‍ക്ക് കേടുപാടുകള്‍ വരുത്തുന്ന തരത്തിലുള്ള സൈബര്‍ ആക്രമണം മുമ്പ് ഐടി കമ്പനികളെ കേന്ദ്രീകരിച്ചായിരുന്നു. ഇടുക്കിയിൽ ആദ്യമായാണ് ഇത്തരത്തിൽ സൈബർ ആക്രമണങ്ങള്‍ നടക്കുന്നത്. എന്നാല്‍ ഇപ്പോൾ ചെറുകിട സ്ഥാപനങ്ങളെയും സൈബര്‍ അധോലോകം ലക്ഷ്യം വെച്ച് തുടങ്ങി. കൂടുതല്‍ ഫയലുകള്‍ സൂക്ഷിക്കുന്ന സ്റ്റുഡിയോകളെയാണ് കൂടുതലായി ലക്ഷ്യം വെക്കുന്നത്.