ഇടുക്കി:വന്യമൃഗ ശല്യം തടയാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നല്‍കിയ കോടികള്‍ ഫലപ്രദമായി വിനിയോഗിക്കാതെ സംസ്ഥാന വനംവകുപ്പ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നൽകിയ തുകയിൽ ചെലവാക്കിയത് പകുതിയില്‍ താഴെയാണെന്നുള്ള വിവരാവകാശ രേഖ പുറത്തുവന്നു. വന്യമൃഗ ശല്യം രൂക്ഷമാകുമ്പോഴും വനംവകുപ്പ് നിസംഗത തുടരുന്നതിന്‍റെ തെളിവാണിത്. ഇടുക്കിയടക്കമുള്ള മലയോര ജില്ലകളില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വന്യമൃഗ ശല്യം വർധിച്ച് വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
വന്യമൃഗ ശല്യം തടയാനുള്ള കോടികൾ വിനിയോഗിക്കാതെ വനംവകുപ്പ്; വിവരാവകാശ രേഖ പുറത്ത്
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നൽകിയ തുകയിൽ ചെലവാക്കിയത് പകുതിയില്‍ താഴെയാണെന്നുള്ള വിവരാവകാശ രേഖ പുറത്തുവന്നു. വന്യമൃഗ ശല്യം രൂക്ഷമാകുമ്പോളും വനംവകുപ്പ് നിസംഗത തുടരുന്നതിന്‍റെ തെളിവാണിത്
2014 മുതൽ 2020 വരെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കേരളത്തിന് നൽകിയത് 71.33 കോടി രൂപയാണ്. എന്നാൽ സംസ്ഥാനം ഇതുവരെ ചെലവിട്ടത് വെറും 32.74 കോടി മാത്രമെന്ന് വിവരാവകാശ രേഖയിൽ വ്യക്തമാകുന്നു. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങൾ കടന്നു കയറുന്നത് തടയാനും സംരക്ഷണം ഉറപ്പുവരുത്താനും കേന്ദ്രസർക്കാർ കൃത്യമായി ഫണ്ട് നൽകിയിട്ടും പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കാൻ വനം വകുപ്പിന് കഴിയുന്നില്ല.
പ്രൊജക്‌ട് എലിഫന്‍റ്, പ്രൊജക്‌ട് ടൈഗർ, ഡെവലപ്മെന്‍റ് ഓഫ് വൈൽഡ് ലൈഫ് ഹാബിറ്റാറ്റ് എന്നീ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് അനുവദിക്കുന്നത്. 60 ശതമാനം കേന്ദ്രവും, 40 ശതമാനം സംസ്ഥാനവും വഹിക്കണം. വനാതിർത്തികൾ, സൗരോർജ വേലി, റെയിൽ വേലി, കിടങ്ങുകൾ എന്നിവ നിർമിക്കാനാണ് ഈ ഫണ്ട് ഉപയോഗിക്കുന്നത്. വനത്തിനുള്ളിൽ മൃഗങ്ങൾക്ക് തീറ്റയും വെള്ളവും ലഭ്യമാക്കാൻ വേണ്ട പദ്ധതികളും നടപ്പാക്കണം. കൂടാതെ വന്യമൃഗ ആക്രമണങ്ങളെ പറ്റി ജനങ്ങൾക്ക് അവബോധം നടത്തുകയും വേണം. എന്നാല്‍ ഇതൊന്നും ഫലപ്രഥമായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്നില്ലെന്നതിന്‍റെ തെളിവാണ് വിവരാവകാശ രേഖ. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2014 മുതല്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയ ഫണ്ടും വിനിയോഗച്ച തുകയും വ്യക്തമാക്കുന്ന രേഖയാണ് പുറത്തുവന്നത്.