ഇടുക്കി: ശാന്തൻപാറയിൽ സിപിഎം പ്രവർത്തകരായ അച്ഛനും മകനും വെട്ടേറ്റു. ഇന്നലെ രാത്രി പതിനൊന്നരയോട് കൂടി കൂന്തപ്പനത്തേരി സ്വദേശികളും സിപിഎം പ്രവർത്തകരുമായ പരമശിവത്തെയും മകൻ കുമാർ എന്ന് വിളിക്കുന്ന കുട്ടനെയും വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. കൂന്തപ്പനത്തേരി സ്വദേശികളായ വിമല്‍(25), ഭാര്യാസഹോദരന്‍ അരവിന്ദ്(24) എന്നിവരാണ് വീട് കയറി ആക്രമിക്കുകയും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്‌തത് എന്ന് പരമശിവം പറഞ്ഞു.
സിപിഎം പ്രവർത്തകരായ അച്ഛനും മകനും വെട്ടേറ്റു; പിന്നില്‍ രാഷ്‌ട്രീയ വൈരാഗ്യമെന്ന് സിപിഎം, വ്യക്തിവൈരാഗ്യമെന്ന് പൊലീസ് പരമശിവത്തിന്‍റെ തലയ്ക്കും കുമാറിന്‍റെ കഴുത്തിനുമാണ് വെട്ടേറ്റത്. പ്രതികളെ പിടിച്ചു മാറ്റാനെത്തിയ അയല്‍വാസിയായ തമ്പിയാനും(40) ചെറിയ പരിക്കേറ്റു. പരമശിവം, കുമാര്‍ എന്നിവര്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ശാന്തന്‍പാറ പഞ്ചായത്ത് പത്താം വാര്‍ഡ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികള്‍ സിപിഎം പ്രവര്‍ത്തകരായ പരമശിവത്തെയും മകനെയും രാഷ്‌ട്രീയമായ വൈരാഗ്യത്തെ തുടർന്നാണ് ആക്രമിച്ചത്. മേഖലയില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. രാഷ്‌ട്രീയ പ്രേരിതമാണ് ആക്രമണത്തിന് പിന്നിലെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി.
അതേസമയം അക്രമിക്കപ്പെട്ടവരും പ്രതികളും തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നും. കോൺഗ്രസിനോ കോൺഗ്രസ് പാർട്ടിക്കോ ഇതിൽ പങ്കില്ലെന്നും ശാന്തന്‍പാറ മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. ആക്രമണത്തിന് നേതൃത്വം നൽകിയ വിമലിന് പാർട്ടിയുമായി ബന്ധമില്ലായെന്നും രാഷ്‌ട്രീയ മുതലെടുപ്പാണ് ഇതിനു പിന്നിലെന്നും കോണ്‍ഗ്രസ് പറഞ്ഞു.
വ്യക്തി വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നും അക്രമണത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രതികള്‍ പൊലീസിന്‍റെ നിരീക്ഷണത്തിലാണെന്നും ശാന്തൻപാറ പൊലീസ് അറിയിച്ചു.