കേരളം

kerala

ETV Bharat / state

സിപിഐ വിട്ടുവെന്ന് പ്രചാരണം: വിശദീകരണവുമായി ഇഎസ്‌ ബിജിമോള്‍ - cpi leader es bijimol facebook post

പാർട്ടി കോൺഗ്രസ് പ്രതിനിധി പട്ടികയിൽ നിന്നും ഇഎസ് ബിജിമോളുടെ പേര് സിപിഐ സംസ്ഥാന സമ്മേളനം വെട്ടിമാറ്റിയിരുന്നു. നേരത്തേ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരായ നിലപാടെടുത്തതാണ് കാരണമെന്നും തുടര്‍ന്നാണ് ബിജിമോള്‍ പാര്‍ട്ടി വിട്ടതെന്നുമാണ് പ്രചാരണം

ES Bijimol fb post  cpi es bijimol facebook post  ഇഎസ്‌ ബിജിമോള്‍  സിപിഐ  ഇഎസ്‌ ബിജിമോള്‍ സിപിഐ വിട്ടുവെന്ന് പ്രചാരണം  സിപിഐ സംസ്ഥാന സെക്രട്ടറി കാനം
സിപിഐ വിട്ടുവെന്ന് പ്രചാരണം: വിശദീകരണവുമായി ഇഎസ്‌ ബിജിമോള്‍

By

Published : Oct 9, 2022, 6:10 PM IST

ഇടുക്കി: സിപിഐ വിട്ടുവെന്ന പ്രചാരണത്തിന് മറുപടിയുമായി മുന്‍ എംഎല്‍എ ഇഎസ് ബിജിമോള്‍. വ്യാജ പ്രചാരണങ്ങളില്‍ യാതൊരുവിധ വസ്‌തുതയുമില്ല. പല ആവശ്യങ്ങള്‍ക്കായി മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളിലേക്ക് ചേക്കേറുന്നവര്‍ ഉണ്ടാവാമെങ്കിലും തന്നെ അതില്‍ കൂട്ടേണ്ടെന്നും എഫ്‌ബി പോസ്റ്റിലൂടെ ബിജിമോള്‍ വ്യക്തമാക്കി. സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധിപ്പട്ടികയില്‍ നിന്ന് ബിജിമോള്‍ പുറത്തായെന്ന വാര്‍ത്തയ്‌ക്ക് ശേഷമാണ് മുന്‍ എംഎല്‍എക്കെതിരായ പ്രചാരണം ശക്തിപ്പെട്ടത്.

എന്നും അടിയുറച്ച ഒരു കമ്യൂണിസ്റ്റുകാരിയായിരിക്കും താന്‍. അതിലുപരി രാഷ്‌ട്രീയപ്രവര്‍ത്തക ആയിരിക്കുന്നിടത്തോളം കാലം താന്‍ സിപിഐയുടെ പ്രവര്‍ത്തകയായിരിക്കും. അഭിപ്രായങ്ങള്‍ തുറന്നുപറയണം. എത് പ്രതിസന്ധിയുണ്ടായാലും തങ്ങളുടെ നാവാകണമെന്നുമാണ് സഖാക്കള്‍ തന്നോട് ആവശ്യപ്പെട്ടത്. ഒന്നും ആഗ്രഹിക്കാത്ത, ഒന്നും പ്രതീക്ഷിക്കാത്ത ഒരായിരം സഖാക്കള്‍ നല്‍കിയ പിന്തുണയാണ് തന്‍റെ ശക്തിയെന്നും അവര്‍ കുറിപ്പില്‍ പറയുന്നു.

പീരുമേട് മുൻ എംഎൽഎ ഇഎസ് ബിജിമോളെ വിജയവാഡയിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് പ്രതിനിധി പട്ടികയിൽ നിന്നുമാണ് ഒഴിവാക്കിയത്. ഇത് കാനം രാജേന്ദ്രനെതിരെ നേരത്തേ പരസ്യ വിമർശനമുയർത്തിയതിനെ തുടര്‍ന്നുള്ള നടപടിയെന്ന് ആരോപണമുയര്‍ന്നിരുന്നു. ബിജിമോളെ പാർട്ടി കോൺഗ്രസ് പ്രതിനിധി പട്ടികയിൽ നിന്ന് ഒഴിവാക്കരുതെന്ന് ചിലർ ആവശ്യപ്പെട്ടെങ്കിലും ഇടുക്കി ജില്ല സെക്രട്ടറി എസ് ശിവരാമൻ, ബിജിമോൾ പറ്റില്ലെന്ന് കർശന നിലപാടെടുക്കുകയായിരുന്നു.

ഇഎസ് ബിജിമോളുടെ എഫ്‌ബി കുറിപ്പിന്‍റെ പൂര്‍ണരൂപം:ഇരുപത്തിരണ്ടാം വയസില്‍ സിപിഐ മെമ്പര്‍ഷിപ്പ് എടുത്താണ് സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഞാന്‍ വരുന്നത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതോടെയാണ് സാധാരണക്കാരായ സഖാക്കളുടെ അളവറ്റ സ്‌നേഹവും കരുതലും ഞാന്‍ അനുഭവിച്ചറിഞ്ഞത്. അവര്‍ നല്‍കിയ ആത്മവിശ്വാസവും പിന്തുണയുമാണ് എനിക്ക് ജനപ്രതിനിധിയെന്ന നിലയില്‍ പ്രവര്‍ത്തിക്കുവാനും ജനകീയ പ്രശ്‌നങ്ങളില്‍ പ്രതികരിക്കാനും കരുത്ത് നല്‍കിയത്. ഇത്രയും ഇപ്പോള്‍ പറഞ്ഞതിന് കാരണമിതാണ്, കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഞാന്‍ മറ്റു പാര്‍ട്ടിയിലേക്ക് പോയി എന്ന തരത്തില്‍ വ്യാജ പ്രചരണം ചിലര്‍ നടത്തുന്നതായി സിപിഐയുടെ സഖാക്കള്‍ എന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ യാതൊരു വിധ വസ്‌തുതയുമില്ല. സഖാക്കളെ, രാഷ്ട്രീയ സ്ഥാനമാനങ്ങള്‍ക്കായും അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലും മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് ചേക്കേറുന്നവര്‍ ഉണ്ടാകാം. അവരുടെ കൂട്ടത്തില്‍ എന്‍റെ പേര് ഉള്‍പ്പെടുത്തേണ്ടതില്ല. എന്നും അടിയുറച്ച ഒരു കമ്യൂണിസ്റ്റുകാരിയായിരിക്കും ഞാന്‍. അതിലുപരി രാഷ്ട്രീയപ്രവര്‍ത്തക ആയിരിക്കുന്നിടത്തോളം കാലം ഞാന്‍ സിപിഐയുടെ പ്രവര്‍ത്തകയായിരിക്കും. അഭിപ്രായങ്ങള്‍ തുറന്ന് പറയണമെന്നും എത് പ്രതിസന്ധിയുണ്ടായാലും നിങ്ങളുടെ നാവാകണമെന്നുമാണ് സഖാക്കളെ നിങ്ങള്‍ എന്നോട് ആവശ്യപ്പെട്ടത്. അതിന് പകരമായി കൂടെ നില്‍ക്കുമെന്നും കൂടെ കാണുമെന്നും ഉറപ്പുനല്‍കിയ ഒന്നും ആഗ്രഹിക്കാത്ത ഒന്നും പ്രതീക്ഷിക്കാത്ത ഒരായിരം സഖാക്കളുണ്ട്. അവര്‍ നല്‍കിയ പിന്തുണയാണ് എന്‍റെ ശക്തി. ശരിയെന്ന് ഉത്തമ ബോധ്യമുള്ളത് ഭയരഹിതമായി പറയുന്നതിനും പറയുന്നത് പ്രവര്‍ത്തിക്കുന്നതിനും എന്നും സിപിഐക്ക് ഒപ്പം,ബിജിമോള്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

ABOUT THE AUTHOR

...view details