ഇടുക്കി: ചിന്നക്കനാല്‍ സഹകരണ ബാങ്കിനെതിരെ അഴിമതി ആരോപണവുമായി ഭരണകക്ഷിയായ സിപിഐ രംഗത്ത്. അനധികൃത പട്ടയം ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപ വായ്‌പ നല്‍കിയിട്ടുണ്ടെന്നാണ് ആരോപണം. ആരോപണങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഐ അംഗങ്ങള്‍ ബാങ്കിന് കത്ത് നല്‍കി.
പതിമൂന്ന് ബോര്‍ഡ് അംഗങ്ങളില്‍ മൂന്ന് പേര്‍ സിപിഐ പ്രതിനിധികളാണ്. എന്നാല്‍ ബാങ്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഒരു വിവരവും ഇവരെ അറിയിക്കാറില്ലെന്ന് ആരോപണം ഉയര്‍ന്നതോടെ പാര്‍ട്ടി പ്രാദേശിക നേതൃത്വം ബാങ്കിന്‍റെ വിവരങ്ങള്‍ രേഖാമൂലം അറിയിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ചിന്നക്കനാല്‍ സഹകരണ ബാങ്കിനെതിരെ അഴിമതി ആരോപണം മറുപടി ആവശ്യപ്പെട്ട് പ്രാദേശിക നേതൃത്വം
ബാങ്കിലെ ജീവനക്കാരുടെ എണ്ണം, ഇവരുടെ വേതനം, ബാങ്കിന്‍റെ കെട്ടിടം നിര്‍മിച്ചത് അനുമതിയോടെയാണോ, മുടക്കിയ തുക, ബാങ്കിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിന്‍റെ വരുമാനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചോദിക്കുന്ന കത്തില്‍ വ്യാജ പട്ടയം ഉപയോഗിച്ച് ലോണെടുത്തിട്ടുള്ള ആളുകളുടെ വിവരം നല്‍കാനും ആവശ്യപ്പെടുന്നു.
ബാങ്കിന്‍റെ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നതും നിയമ വിരുദ്ധമായിട്ടെന്നാണ് ആരോപണം. ഇതോടൊപ്പം അനധികൃതമായി പെട്രോള്‍ പമ്പ് ആരംഭിക്കുന്നതിന് നടത്തിയ നീക്കവും പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ല കലക്‌ടര്‍ തടഞ്ഞിട്ടുണ്ട്. ബാങ്ക് സെക്രട്ടറിയുടെ കെട്ടിട നിര്‍മാണത്തിനെതിരെയും ചിലര്‍ വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്.
ആയുധമാക്കാന്‍ കോണ്‍ഗ്രസും
കത്ത് നല്‍കിയിട്ടും മറുപടി നല്‍കാതിരിക്കുകയും വിഷയം എല്‍ഡിഎഫ് യോഗം ചേർന്ന് പരിഹരിക്കാമെന്ന് പറഞ്ഞ് നീട്ടികൊണ്ട് പോകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബാങ്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ പ്രാദേശിക നേതൃത്വം രംഗത്തെത്തിയത്.
അതേസമയം, കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും വിഷയം ഉയര്‍ത്തി പ്രത്യക്ഷ സമരത്തിന് തയ്യാറെടുക്കുകയാണ്. പ്രതിപക്ഷ നേതാവിനെ നേരിട്ടെത്തിച്ച് വിഷയം രാഷ്ട്രീയ ആയുധമാക്കാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം.
Also read: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : സഹകരണ മേഖലയില്‍ നിയന്ത്രണം കടുപ്പിയ്‌ക്കാന്‍ സി.പി.എം