ഇടുക്കി: അടിമാലി താലൂക്കാശുപത്രിയില്‍ ഇന്നു മുതല്‍ കൊവിഡ് ചികിത്സ ആരംഭിക്കുമെന്ന് അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണസമതി അറിയിച്ചു. ആശുപത്രിയുടെ പുതിയ ബ്ലോക്കിലാണ് ചികിത്സക്കാവശ്യമായ സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. ഓക്‌സിജന്‍ കിടക്കകള്‍ ഉള്‍പ്പെടെ ആശുപത്രിയില്‍ സജ്ജമാക്കിയതായും ഭരണസമതിയംഗങ്ങള്‍ പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ ലക്ഷ്യമിട്ടാണ് ആരോഗ്യവകുപ്പിന്‍റെ ഇടപെടലിലൂടെ അടിമാലി താലൂക്കാശുപത്രിയിൽ കൊവിഡ് ചികിത്സാ കേന്ദ്രം സജ്ജമാക്കിയത്. നാല്‍പ്പതിനടുത്ത് കിടക്കകളാണ് ആശുപത്രിയില്‍ കൊവിഡ് ചികിത്സക്കായി ക്രമീകരിക്കുക. ആശുപത്രിയില്‍ നടന്നു വരുന്ന ഒപി പുതിയ ക്രമീകരണങ്ങളോടെ മുടക്കമില്ലാതെ നടക്കും. ക്യാഷ്വാലിറ്റിയും പ്രസവ സംബന്ധമായ ചികിത്സയും സാധാരണനിലയില്‍ തുടരുമെന്നും അധികൃതർ അറിയിച്ചു.