ഇടുക്കി: കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യം കണക്കിലെടുത്ത് മൂന്നാറില്‍ ആന്‍റിജന്‍ പരിശോധനക്ക് തുടക്കം കുറിച്ചു. ആദ്യ ദിനം 20 പേരെ പരിശോധനക്ക് വിധേയരാക്കി. ഒരു മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കും. ആന്‍റിജന്‍ പരിശോധനയുടെ ഉദ്ഘാടനം ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ നിര്‍വഹിച്ചു. ജനങ്ങളുടെ ആശങ്ക അകറ്റാനും പരമാവധി വേഗത്തില്‍ രോഗികളെ കണ്ടെത്താനും പരിശോധനയിലൂടെ സാധിക്കുമെന്ന് എസ്. രാജേന്ദ്രന്‍ പറഞ്ഞു.
മൂന്നാറില്‍ ആന്‍റിജന്‍ പരിശോധനക്ക് തുടക്കം - കൊവിഡ് ടെസ്റ്റ്
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആന്‍റിജന്‍ പരിശോധന ആരംഭിച്ചു. ആദ്യദിനം 20 പേരെ പരിശോധനക്ക് വിധേയമാക്കി.
ഏതെങ്കിലും സാഹചര്യത്തില്‍ മൂന്നാറില്‍ സാമൂഹ്യവ്യാപനം സംഭവിച്ചിട്ടുണ്ടോ എന്നറിയാന്‍ ആന്‍റിജന്‍ പരിശോധന സഹായകരമാകും. എസ്. രാജേന്ദ്രനും ആദ്യ ദിനം ആന്‍റിജന്‍ പരിശോധനക്ക് വിധേയനായി. മൂന്നാര്‍ ടൗണിലേക്ക് അലക്ഷ്യമായി എത്തുന്നവരേയും അറുപത് വയസിന് മുകളില്‍ പ്രായമുള്ളവരേയും ആദ്യഘട്ടത്തില്‍ പരിശോധനക്ക് വിധേയരാക്കാനാണ് തീരുമാനം. ദേവികുളം സബ് കലക്ടര്‍ പ്രേം കൃഷ്ണന്‍, മുന്‍ എംഎല്‍എ എ.കെ മണി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ മൂന്നാര്‍ മാര്‍ക്കറ്റിലെ വ്യാപാരികള്‍ക്ക് ബോധവല്‍ക്കരണവും നല്‍കി.