ഇടുക്കി: കൊവിഡ് പ്രോട്ടോകോളും നിര്‍ദേശങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് അടിമാലി പൊലീസ്. കൊവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കമുണ്ടാവുകയും നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നയാള്‍ നിരീക്ഷണം ലംഘിച്ചതിനെതിരെ പൊലീസ് കേസ് രജീസ്റ്റര്‍ ചെയ്തു. ഇയാള്‍ ഓടിച്ചിരുന്ന വാഹനവും പൊലീസ് പിടിച്ചെടുത്തു. കണ്ടെയിൻമെന്‍റ് മേഖലകളില്‍ മുന്നറിയിപ്പ് വാഹനങ്ങള്‍ ഉള്‍പ്പെടെ നിരത്തിലിറക്കിയാണ് പൊലീസ് ജാഗ്രത കടുപ്പിച്ചിട്ടുള്ളത്.
കൊവിഡ് പ്രോട്ടോകോൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി - covid protocol adimaly
ആരോഗ്യവകുപ്പിന്‍റെയും പൊലീസിന്‍റെയും നിര്‍ദേശങ്ങളോട് പൂര്‍ണമായി സഹകരിക്കണമെന്ന് അടിമാലി സി.ഐ അനില്‍ ജോര്‍ജ് അഭ്യര്‍ഥിച്ചു
കൊവിഡ് ആശങ്ക വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പും അടിമാലി പൊലീസും ഇരുമ്പുപാലം, പത്താംമൈല്‍, അടിമാലി മേഖലകളില്‍ ജാഗ്രത കടുപ്പിക്കുകയാണ്. ആരോഗ്യവകുപ്പിന്‍റെയും പൊലീസിന്‍റെയും നിര്‍ദേശങ്ങളോട് പൂര്‍ണമായി സഹകരിക്കണമെന്ന് അടിമാലി സി.ഐ അനില്‍ ജോര്‍ജ് അഭ്യര്‍ഥിച്ചു.
ഉള്‍വഴികളിലെ അനാവശ്യ യാത്രകള്‍ക്ക് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മേഖലയില്‍ പട്രോളിങും ശക്തമാണ്. ആരോഗ്യ വകുപ്പും കനത്ത ജാഗ്രതയാണ് പുലര്‍ത്തിപ്പോരുന്നത്. ഇരുമ്പുപാലത്തും പത്താംമൈലിലും ആരോഗ്യ വകുപ്പ് ആന്‍റിജൻ പരിശോധന ഒരുക്കിയിരുന്നു. ജീവനക്കാരന് കൊവിഡ് സ്ഥീരീകരിച്ചതിനെ തുടര്‍ന്ന് ഫെഡറല്‍ ബാങ്കിന്‍റെ അടിമാലി ശാഖ താല്‍കാലികമായി അടച്ചിരിക്കുകയാണ്.