ഇടുക്കി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇടുക്കി നെടുങ്കണ്ടത്തെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററിന്‍റെ പ്രവര്‍ത്തനം ഫെബ്രുവരി ആറ് മുതല്‍ പുനരാരംഭിക്കും. തോട്ടം, അതിര്‍ത്തി മേഖലയിലെ കൊവിഡ് ബാധിതര്‍ക്ക് ചികിത്സ ലഭ്യമാകുന്ന തരത്തിലാണ് സെന്‍റർ സജീകരിച്ചിരിയ്ക്കുന്നത്. നെടുങ്കണ്ടത്ത് മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ ആശുപത്രി കെട്ടിടം ഏറ്റെടുത്താണ് കൊവിഡിന്‍റെ ഒന്നാം തരംഗത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍റര്‍ ആരംഭിച്ചത്.
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ള രോഗികള്‍ക്ക് ചികിത്സ ഇവിടെ നിന്നും ലഭ്യമാക്കിയിരുന്നു. എന്നാല്‍ പിന്നീട് വിവിധ കാരണങ്ങളാല്‍ സെന്‍ററിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിയ്ക്കുകയായിരുന്നു. നിലവില്‍, ഗ്രാമ പഞ്ചായത്ത് വീണ്ടും കെട്ടിടം ഏറ്റെടുക്കുകയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയ്ക്ക് കൈമാറുകയും ചെയ്‌തു.