ഇടുക്കി: മൂന്നാർ ഗ്യാപ്പ് റോഡിലെ അനധികൃത പാറ ഖനനത്തിൽ ശാന്തൻപാറ പൊലീസിനോട് ഈ മാസം 25നകം വിശദീകരണം നൽകാൻ നെടുങ്കണ്ടം കോടതി ആവശ്യപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ പൊതുമുതൽ മോഷ്‌ടിച്ചുവെന്നു കാട്ടി ശാന്തൻപാറ പൊലീസിൽ നൽകിയ പരാതിയിൽ കേസെടുക്കാത്തതിനെ തുടർന്ന് കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിലാണ് പൊലീസിനോട് വിശദീകരണം ആരാഞ്ഞത്.
ഗ്യാപ്പ് റോഡിലെ അനധികൃത പാറ ഖനനം; പരാതിയിൻ മേൽ നടപടിയെടുക്കാത്തതിൽ പൊലീസിനോട് വിശദീകരണം തേടി കോടതി മൂന്നാർ -ബോഡിമേട്ട് ദേശീയ പാത റോഡ് നിർമാണത്തിന്‍റെ മറവിൽ 100 കോടിയോളം രൂപയുടെ പാറ മോഷണം നടത്തിയെന്നതായിരുന്നു പരാതി. സംഭവത്തിൽ റോഡ് നിർമ്മാണത്തിന് കരാർ ഏറ്റെടുത്ത സ്വകാര്യ കരാർ കമ്പനിക്കെതിരെ മോഷണകുറ്റം ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് കളമശേരി സ്വദേശിയായ ഗിരീഷ് ബാബു ശാന്തൻപാറ സിഐയ്ക്ക് മെയ് 10നാണ് പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ ജൂൺ 6ന് ശാന്തൻപാറ എസ്എച്ച്ഒ പരാതിക്കാരന്‍റെ മൊഴി എടുത്തുവെങ്കിലും എഫ്ഐആർ രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ സ്വികരിക്കാൻ തയാറായില്ല. അതിനെതിരെയാണ് പരാതിക്കാരൻ നെടുംകണ്ടം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്‌തത്.
50,000 ലോഡ് പാറ സർക്കാർ ഭൂമിയിൽ നിന്നും പൊട്ടിച്ച് കടത്തിയെന്നതായിരുന്നു പരാതി. 2.5 ലക്ഷം ക്യൂബിക് മീറ്റർ പാറ അനധികൃതമായി പൊട്ടിച്ചെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു. 30 കോടി രൂപയിലധികം പിഴ ഈടാക്കുവാൻ റവന്യൂ, മൈനിങ് ആൻ്റ് ജിയോളജി വിഭാഗം നിർദ്ദേശിച്ചിരുന്നുവെങ്കിലും കരാറുകാരൻ കോടതിയെ സമീപിക്കുകയായിരുന്നു.
ഇതിനിടയിലാണ് മോഷണക്കുറ്റം ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് കളമശേരി സ്വദേശിയായ ഗിരീഷ് ശാന്തൻപാറ പൊലീസിനെ സമീപിച്ചത്. ജില്ല കലക്‌ടർ, കരാറുകാരൻ, എൻഎച്ച് ചുമതലയുള്ള ഉദ്യോഗസ്ഥൻ, തഹസിൽദാർ, വില്ലേജ് ഓഫീസർമാർ എന്നിവർക്കെതിരെ നടപടി സ്വീകരിക്കണമെന്നതായിരുന്നു പരാതിയിലെ ആവശ്യം.