ഇടുക്കി : കഞ്ഞിക്കുഴിയിൽ കടബാധ്യത മൂലം ദമ്പതികളും മൂന്ന് കുട്ടികളും ഉൾപ്പടെ ഒരു കുടുംബത്തിലെ അഞ്ചുപേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തില്‍ ദമ്പതികൾ മരണപ്പെട്ടു. കഞ്ഞിക്കുഴി പുന്നയാർ ചൂടൻ സിറ്റിയിൽ താമസിക്കുന്ന കാരാടിയിൽ ബിജുവും ഭാര്യ ടിന്‍റുവും മൂന്ന് കുട്ടികളുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
ഇവരുടെ മൂന്ന് കുട്ടികളെ ഇടുക്കി മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പതിനൊന്ന് വയസുള്ള പെൺകുട്ടിയും, എട്ടും, രണ്ടും വയസുള്ള ആൺകുട്ടികളുമാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയാണ് ഇവരെ ഇത്തരമൊരു കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ബിജുവും ടിന്‍റുവും കഞ്ഞിക്കുഴിയിൽ ഹോട്ടൽ നടത്തുകയാണ്. ഉച്ചയോടെ മൂത്ത പെൺകുട്ടി സമീപത്തെ വീട്ടിലെത്തി ദുരന്ത വിവരം അറിയിക്കുമ്പോഴാണ് അയൽവാസികൾ ഇക്കാര്യം അറിയുന്നത്. തുടർന്ന് കഞ്ഞിക്കുഴി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആംബുലൻസ് എത്തി നാലുപേരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.