ഇടുക്കി: മരം വീണ് മരിച്ച പ്രധാനധ്യാപകന്‍ ലിജി വര്‍ഗീസിന് നാടിന്‍റ സ്‌നേഹാഞ്ജലി. മൃതദേഹം സെന്‍റ് സെബാസ്റ്റിയന്‍സ് യുപി സ്‌കൂളില്‍ പൊതു ദര്‍ശനത്തിന് എത്തിച്ചപ്പോള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത് ആയിരങ്ങളാണ്.
സംസ്‌കാരം എഴുകുംവയല്‍ നിത്യ സഹായ മാതാ ദേവാലയത്തില്‍ നടന്നു. നെടുങ്കണ്ടം സെന്‍റ് സെബാസ്റ്റ്യൻസ് യുപി സ്‌കൂളിലെ പ്രധാന അധ്യാപകനായിരുന്ന ലിജി വര്‍ഗീസ് ഈ മാസം രണ്ടിനാണ് മരിച്ചത്. ഇരട്ടയാറില്‍ വീട് നിര്‍മിക്കുന്നതിന് മുന്നോടിയായുള്ള ജോലികള്‍ക്കിടെ മുറിച്ച് മാറ്റിയ മരം ദേഹത്തേക്ക് വീഴുകയായിരുന്നു. പ്രിയ അധ്യാപകന്‍റെ അകാല വേര്‍പാട് ഉള്‍ക്കൊള്ളാനാവാത്ത അവസ്ഥയിലായിരുന്നു വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും. സമൂഹത്തിന്‍റെ നാനാതുറകളിലുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിയ്ക്കാന്‍ സ്‌കൂള്‍ മുറ്റത്ത് എത്തി.
1996ല്‍ നെടുങ്കണ്ടം സ്‌കൂളില്‍ ചരിത്ര അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച ലിജി വര്‍ഗീസ് പിന്നീട് രാജകുമാരി ഹോളിക്യൂന്‍സ് സ്‌കൂളിലും പ്രധാനധ്യാപകനായിരുന്നു. രണ്ട് സ്‌കൂളുകളിലും മികച്ച പിടിഎക്കുള്ള ജില്ലാ, സംസ്ഥാനതല പുരസ്‌കാരങ്ങളും, സ്‌കൂള്‍ പച്ചക്കറി തോട്ടത്തിനുള്ള സംസ്ഥാന പുരസ്‌കാരവും ഇടുക്കി രൂപതിയിലെ മികച്ച യുപി സ്‌കൂളിനുള്ള പുരസ്‌കാരവും ലിജി വര്‍ഗീസിന്‍റെ മികവിലൂടെ നെടുങ്കണ്ടവും രാജകുമാരിയും നേടിയെടുത്തു.
നെടുങ്കണ്ടം റൂറല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ രൂപീകരണത്തില്‍ മുന്‍പന്തിയില്‍ നിന്ന അദേഹം നിലവില്‍ സൊസൈറ്റിയുടെ പ്രസിഡന്‍റും കൂടിയായിരുന്നു. സൊസൈറ്റി അങ്കണത്തിലും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. എഴുകുംവയല്‍ നിത്യസഹായ മാതാ പള്ളിയില്‍ നടന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് ഇടുക്കി രൂപതാ അധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.