ഇടുക്കി : പ്രളയത്തിൽ ഭവനരഹിതരായ ഇടുക്കി പൈനാവ് 56 കോളനിവാസികളിൽ പലർക്കും ഇനിയും വീട് ലഭിച്ചിട്ടില്ലെന്ന് പരാതി. വാഴത്തോപ്പിൽ കെ.എസ്.ഇ.ബിയുടെ ഒഴിഞ്ഞ ക്വാർട്ടേഴ്‌സുകളിൽ മൂന്ന് വർഷമായി താമസിച്ച് വരികയാണ് ഇവർ. ഉടൻ തന്നെ ക്വാർട്ടേഴ്‌സ് ഒഴിയണമെന്നുള്ള കെ.എസ്.ഇ.ബിയുടെ അന്ത്യശാസനമെത്തിയതോടെ ഇനിയെങ്ങോട്ടെന്നറിയാതെ പകച്ചുനിൽക്കുകയാണ് ഈ കുടുംബങ്ങൾ.
2018 ആഗസ്റ്റ് 15നുണ്ടായ ഉരുൾ പൊട്ടലിൽ കിടപ്പാടം നഷ്ടമായ പൈനാവ് 56 കോളനി നിവാസികളിൽ പലർക്കും വീടും സ്ഥലവും ലഭിച്ചിട്ടില്ല. വാഴത്തോപ്പ് പഞ്ചായത്ത് 13-ാം വാർഡിലുൾപ്പെട്ട കോളനിയിൽ മുപ്പത്തഞ്ചോളം കുടുംബങ്ങളാണ് താമസിച്ചിരുന്നത്.
പ്രളയത്തിൽ കിടപ്പാടം നഷ്ടമായി, ക്വാർട്ടേഴ്‌സ് ഒഴിയണമെന്ന് കെഎസ്‌ഇബിയും ; സർക്കാർ വാഗ്‌ദാനം പാലിച്ചില്ലെന്ന് പരാതി also read:ഒടുവിൽ ശാപമോക്ഷം ; ഇടുക്കിയിലെ ഉപേക്ഷിക്കപ്പെട്ട ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങൾ സംരക്ഷിക്കാൻ നടപടി
ഉരുൾ പൊട്ടലിനെ തുടർന്ന് ഇവിടം വാസയോഗ്യമല്ലെന്ന് പ്രഖ്യാപിക്കപ്പെട്ടു. വീടും സ്ഥലവും സർക്കാർ നൽകുമെന്നുമറിയിച്ചു. നാശനഷ്‌ടമുണ്ടായ കുടുംബങ്ങളിൽ ചിലർക്ക് വീടും സ്ഥലവും ലഭിച്ചെങ്കിലും ചിലർക്ക് ഇനിയും കിട്ടിയിട്ടില്ല.
അടിയന്തര സഹായമായി സർക്കാർ നൽകിയ പതിനായിരം രൂപ മാത്രമാണ് ലഭിച്ചതെന്ന് ഇവർ പറയുന്നു. ലിസ്റ്റിൽ പേരുണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറയുമ്പോഴും കെ.എസ്.ഇ.ബി ഇറക്കിവിട്ടാൽ ഇനി എങ്ങോട്ടെന്ന ചിന്തയിലാണിവർ.