സർക്കാർ പ്രഖ്യാപിച്ച സബ്സിഡി കാലിത്തീറ്റ ലഭിക്കാത്തതായി പരാതി - fodder
ഏപ്രില്‍ മാസത്തിലാണ് കര്‍ഷകരില്‍ നിന്ന് അപേക്ഷ സ്വീകരിച്ചത്. ഓഗസ്റ്റിൽ വിതരണം നടത്തുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം
ഇടുക്കി: ക്ഷീരകർഷകർക്ക് സർക്കാർ പ്രഖ്യാപിച്ച സബ്സിഡി കാലിത്തീറ്റ പ്രഖ്യാപനത്തിലൊതുങ്ങിയെന്ന് പരാതി. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഡയറി ഡിപ്പാർട്ട്മെൻ്റ് വഴി വിതരണം ചെയ്യുമെന്ന് അറിയിച്ച കാലിത്തീറ്റ വിതരണമാണ് അഞ്ചു മാസമായിട്ടും വിതരണം ചെയ്യാത്തത്.
ഏപ്രില്‍ മാസത്തിലാണ് കര്‍ഷകരില്‍ നിന്ന് അപേക്ഷ സ്വീകരിച്ചത്. ഓഗസ്റ്റിൽ വിതരണം നടത്തുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ ഇതുവരെ രാജാക്കാട് മേഖലയിലെ ക്ഷീര സംഘങ്ങളിൽ കാലിതീറ്റ എത്തിയിട്ടില്ല. കാലിത്തീറ്റ എത്തുമെന്ന പ്രതീക്ഷയില്‍ ക്ഷീര സംഘങ്ങളും കാലീത്തീറ്റ എടുത്ത് വിതരണം നടത്തിയില്ല. ഇത് സംഘങ്ങളുടെ വരുമാനത്തേയും ബാധിച്ചു. കാലിത്തീറ്റ വരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന ക്ഷീരകർഷകർ രൊക്കം പണം നൽകി പൊതുവിപണിയിൽ നിന്ന് വാങ്ങേണ്ട ഗതികേടിലാണ്.
കാലിത്തീറ്റ പ്രതിസന്ധി പാല്‍ ഉത്പാദനത്തേയും കാര്യമായി ബാധിച്ചിട്ടുണ്ട്. സബ്ബ്സിഡി നൽകി വിതരണം ചെയ്യുന്ന കാലിത്തീറ്റ പ്രത്യേകം ചാക്കിലാക്കി മാറ്റി നിറക്കേണ്ടി വരുന്നതുകൊണ്ടാണ് കാലതാമസമെന്നാണ് മിൽമ ഫീഡ്സ് ഉദ്യോഗസ്ഥൻ പറയുന്നത്. എത്രയും വേഗം കാലിത്തീറ്റ എത്തിക്കാൻ നടപടി വേണമെന്നതാണ് ക്ഷീര കർഷകരുടെ ആവശ്യം.