ഇടുക്കി:നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്ക് എത്തിയ വൃക്ക രോഗിയായ വയോധികയോട് ഡോക്‌ടര്‍ അപമര്യാദയായി പെരുമാറിയതായി ആരോപണം. ടോക്കണ്‍ ക്രമം പാലിയ്‌ക്കാത്തതിനെ തുടര്‍ന്ന് ഡോക്‌ടർ സജി കെ. സുബൈര്‍ രോഗിക്ക് നേരെ ആക്രോശിച്ചുവെന്നാണ് ആരോപണം. ചീട്ട് വലിച്ച് എറിയുകയും കണ്‍സള്‍ട്ടിങ് റൂമില്‍ നിന്ന് ഇറക്കി വിടുകയും ചെയ്‌തതായും പരാതിയുണ്ട്.
നെടുങ്കണ്ടം താലൂക്ക് ആശുപത്രി ഡോക്‌ടര്‍ക്കെതിരെ പരാതിയുമായി കുടുംബം നെടുങ്കണ്ടം കവുന്തി സ്വദേശിയായ വള്ളാംകടവില്‍ ലീലാമ്മയ്‌ക്കാണ് ആശുപത്രിയിൽ നിന്നും ദുരനുഭവം ഉണ്ടായത്. ദീര്‍ഘനാളായി വൃക്ക രോഗം ബാധിച്ച് ചികിത്സയിലാണ് ഇവര്‍. കഴിഞ്ഞ ബുധനാഴ്‌ച(20.07.2022) പനിയും ശ്വാസംമുട്ടലും കലശലായതിനെ തുടര്‍ന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ഭര്‍ത്താവ് ജോസഫ് ചാക്കോയ്‌ക്ക് ഒപ്പം ചികിത്സയ്‌ക്ക് എത്തിയതായിരുന്നു ലീലാമ്മ.
ലീലാമ്മയുടെ അവസ്ഥ മനസിലാക്കിയ മറ്റ് രോഗികള്‍ വരി നിര്‍ത്താതെ ഇവരെ കണ്‍സള്‍ട്ടിങ് റൂമിലേക്ക് കടത്തി വിടുകയായിരുന്നു. രോഗ വിവരങ്ങള്‍ പറഞ്ഞ് ചീട്ട് കൊടുത്തതോടെയാണ് ഡോക്‌ടർ കുപിതനായതെന്ന് പരാതിക്കാരി പറയുന്നു. ടോക്കണ്‍ ക്രമം പാലിയ്‌ക്കാത്തതിനാല്‍ ചീട്ട് വലിച്ചെറിയുകയും ഇറങ്ങി പോകാന്‍ നിര്‍ദേശിക്കുകയും ചെയ്‌തു. ആക്രോശിച്ച് ചാടി എഴുന്നേറ്റതായും ഇവര്‍ ആരോപിക്കുന്നു.
ഭാര്യയുടെ അവസ്ഥ ഗുരുതരമാണെന്ന് പറഞ്ഞിട്ടും ഡോക്‌ടർ സജി കെ. സുബൈര്‍ പരിശോധിക്കാന്‍ തയാറായില്ലെന്ന് ജോസഫ് ആരോപിക്കുന്നു. ഡോക്‌ടറുടെ പെരുമാറ്റത്തില്‍ ഭയചകിതരായ കുടുംബം മരുന്ന് വാങ്ങാതെ മടങ്ങുകയായിരുന്നു. പിന്നാലെ അടുത്ത ദിവസം പാമ്പാടുംപാറ ബ്ലോക്ക് ആരോഗ്യ കേന്ദ്രത്തില്‍ എത്തിയാണ് ചികിത്സ തേടിയത്. മോശം പെരുമാറ്റത്തിലും ചികിത്സ നിഷേധത്തിലും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി.