ഇടുക്കി:നെടുങ്കണ്ടത്ത് ഗ്രാമപഞ്ചായത്ത് വാഹനം ആക്രമിക്കുകയും ആംബുലൻസ് ഡ്രൈവറെ മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ പഞ്ചായത്ത് അംഗം പൊലീസിനെതിരെ പരാതി നൽകി. സംഭവം സമയം സ്ഥലത്തെത്തിയ ഗ്രാമപഞ്ചായത്ത് അംഗത്തിനോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്നും മദ്യപസംഘത്തിന്‍റെ മെഡിക്കൽ എടുക്കാതെ വിട്ടയച്ചതിൽ ദുരൂഹതയുണ്ടെന്നുമാണ് പരാതി.
കഴിഞ്ഞ ദിവസം രാത്രിയിലാണ് നെടുങ്കണ്ടം പൊലീസ് സ്റ്റേഷന് മുന്നിൽ വച്ച് ഗ്രാമപഞ്ചായത്ത് ആംബുലൻസ് ആറു പേരടങ്ങുന്ന മദ്യപസംഘം തടഞ്ഞുനിർത്തി ആക്രമിച്ചത്. വാഹനം ഓടിച്ചിരുന്ന ഡ്രൈവർ വിഷ്ണു വിജയനുമായുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമികനിഗമനം.
also read:ലോക്ക്ഡൗണ്‍ ലംഘനം; ഇടുക്കിയിൽ 2773 കേസുകൾ രജിസ്റ്റര്‍ ചെയ്തു
സംഭവം നടക്കുമ്പോൾ സ്ഥലത്തെത്തിയ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് അംഗം ഷിഹാബുദ്ദീൻ യൂസഫ് മദ്യപസംഘത്തെ ആശുപത്രിയിൽ എത്തിച്ച് മെഡിക്കൽ എടുക്കണമെന്നും ഇവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. എന്നാൽ സ്ഥലത്തുണ്ടായിരുന്ന എഎസ്‌ഐ ജനപ്രതിനിധിയോട് അപമര്യാദയായി പെരുമാറുകയും വിലാസം പോലും രേഖപ്പെടുത്താതെ പ്രതികളെ പറഞ്ഞയക്കുകയുമായിരുന്നുവെന്നാണ് ആരോപണം.
സംഭവത്തിൽ രണ്ടുദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പൊലീസിനായിട്ടില്ല. ആംബുലൻസ് അക്രമിച്ചതിൽ അടിയന്തര നടപടി എടുക്കണമെന്നും പ്രതികളെ പിടികൂടണമെന്നും പഞ്ചായത്ത് ഭരണ സമിതി ആവശ്യപ്പെട്ടു.
പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി നെടുങ്കണ്ടം പൊലീസും അറിയിച്ചു. അതേസമയം അടഞ്ഞുകിടക്കുന്ന ബാറുകൾ കേന്ദ്രീകരിച്ച് മദ്യ വിൽപന നടക്കുന്നതായ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. എക്സൈസ് ഉദ്യോഗസ്ഥരെ ബാറുകൾക്ക് സമീപം 24 മണിക്കൂർ ഡ്യൂട്ടിക്ക് ഇടണമെന്നും റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്.