ഇടുക്കി :പട്ടയം തരപ്പെടുത്താമെന്ന് വാഗ്‌ധാനം ചെയ്‌ത് അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സിപിഐ നേതാവ് പാർട്ടി ഇടപെട്ടിട്ടും പണം തിരികെ നൽകിയില്ലെന്ന് പരാതി. അണക്കര സ്വദേശി വർഗീസ് ജോൺ എന്നയാളിൽ നിന്നാണ് സിപിഐ മുന്‍ മണ്ഡലം സെക്രട്ടറി പികെ സദാശിവന്‍ 2019ൽ പണം കൈപ്പറ്റിയത്.
ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് വർഗീസ് ജോണും കുടുംബവും. അണക്കര വഞ്ചിപത്രമലയിൽ വർഗീസ് ജോൺ, ഭാര്യ ശോശാമ്മ വർഗീസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള വസ്‌തുവിന്‍റെ പട്ടയത്തിന് നിയമപ്രശ്‌നങ്ങൾ ഉള്ളതിനാൽ ഇത് റദ്ദ് ചെയ്‌ത് പുതിയത് ലഭ്യമാക്കാം എന്ന് വാഗ്‌ദാനം ചെയ്‌താണ് മൂന്ന് തവണയായി അഞ്ചേകാൽ ലക്ഷം രൂപ പി.കെ സദാശിവൻ വാങ്ങിയതെന്ന് പരാതിക്കാരൻ പറയുന്നു.
എന്നാൽ ഇതിനുശേഷം ഒരു വർഷം കഴിഞ്ഞിട്ടും പട്ടയം ലഭിക്കുകയോ പണം തിരികെ നൽകുകയോ ചെയ്യാത്തതിനാൽ ഇവർ പാർട്ടി ജില്ല കമ്മിറ്റിക്ക് പരാതി നൽകി. ഈ പരാതിയിന്മേൽ പാർട്ടി അന്വേഷണ കമ്മിഷനെ വയ്ക്കുകയും പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ മണ്ഡലം സെക്രട്ടറി സ്ഥാനത്തുനിന്ന് തരംതാഴ്‌ത്തുകയും ചെയ്‌തു.