ഇടുക്കി:കസേര മുതൽ ചായക്കപ്പ് വരെ... മക്കളായ ദേവികയും ഗോപികയും ഉപയോഗിക്കുന്ന പേനയും വാച്ചും തലമുടി ഒതുക്കുന്ന ഹെയർ ക്ലിപ്പുകളുമെല്ലാം ചിരട്ട സൃഷ്ടിയാണ്. ഇടുക്കി ജില്ലയിലെ ഉടുമ്പൻചോലയില്‍ ബിനേഷ് വെറുമൊരു ചിരട്ട കലാകാരനല്ല. സ്വന്തം വീട്ടിലേക്ക് ആവശ്യമായ മിക്ക വസ്തുക്കളും ബിനേഷ് ചിരട്ടയില്‍ നിർമിക്കും.
ചിരട്ട കൊണ്ടൊരു ലോകം: ബിനേഷിന് ചിരട്ട കളിയല്ല, കാര്യമാണ് - കേരള വാർത്ത
പേന, ക്ലിപ്പ്, സിന്ദൂരച്ചെപ്പ്, ജഗ്ഗ് തുടങ്ങി നൂറിലധികം നിത്യോപയോഗ സാധനങ്ങളാണ് ചിരട്ടയിൽ ബിനേഷ് നിർമിച്ചത്
ഒരു കൗതുകത്തിന് ചിരട്ടയില്‍ നിലവിളക്ക് നിർമിച്ച് തുടങ്ങിയതാണ്. സംഭവം വിജയിച്ചതോടെ വാച്ച്, പേന, ക്ലിപ്പ്, സിന്ദൂരച്ചെപ്പ്, ജഗ്ഗ്, സോസർ, പപ്പടം കുത്തി, പ്ലേറ്റ്, ഗ്ലാസ്, ഹെയർ ബാന്‍ഡ്, ഭരണികൾ, ഉപ്പ് കുപ്പി, ചിരവ, കസേര, തവികൾ, സ്പൂണുകൾ, വിളക്കുകൾ തുടങ്ങി നൂറിലധികം നിത്യോപയോഗ സാധനങ്ങളാണ് ചിരട്ടയിൽ ബിനേഷ് നിർമിച്ചത്. പക്ഷേ ഇതൊന്നും ബിനേഷ് വില്‍ക്കില്ല. സുഹൃത്തുക്കൾക്ക് സമ്മാനമായി നല്‍കും.
രണ്ടാഴ്ച മുതൽ മാസങ്ങളുടെ പരിശ്രമം വരെ വേണ്ടി വരും ഓരോന്നും പൂർത്തിയാക്കാനെന്ന് ബിനേഷ് പറയുന്നു. ഇന്ത്യയുടെയും കേരളത്തിന്‍റെയും കൊറോണ വൈറസിന്‍റെയുമൊക്കെ രൂപങ്ങൾ പൂർത്തിയാക്കിയ ബിനീഷ് ശ്രീനാരായണ ഗുരുവിന്‍റെ ശിൽപം ചിരട്ടയിൽ ഒരുക്കുന്നതിന്‍റെ തിരക്കിലാണ്. ഇവയ്ക്കു പുറമെ ഈറ്റയിൽ തീർത്ത ഈഫൽ ഗോപുരം ബിനേഷിന്‍റെ മറ്റൊരു മനോഹര സൃഷ്ടിയാണ്.