ക്ലീന്‍ ഏലപ്പാറ നടപ്പിലാക്കാൻ തുമ്പൂര്‍മൂഴി മാലിന്യ സംസ്‌കരണ പദ്ധതി മോഡല്‍ - ഇടുക്കി
മാലിന്യം വേര്‍തിരിച്ച് സംസ്‌കരിക്കുന്ന പദ്ധതിയാണ് ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്. ക്ലീന്‍ ഏലപ്പാറ പദ്ധതി പൂര്‍ത്തിയായാല്‍ പഞ്ചായത്തിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരമാകും.
ഇടുക്കി: ഏലപ്പാറ പഞ്ചായത്തിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാനൊരുങ്ങി ഗ്രാമപഞ്ചായത്ത്. ക്ലീന്‍ ഏലപ്പാറ നടപ്പാക്കാനായി തുമ്പൂര്‍മൂഴി മാലിന്യ സംസ്‌കരണ പദ്ധതി മോഡല്‍ നടപ്പിലാക്കാനാണ് പഞ്ചായത്തിന്‍റെ തീരുമാനം. ആദ്യ ഘട്ടമായി പ്ലാസ്റ്റിക് ഷെഡിങ് യൂണിറ്റിന്‍റെ നിര്‍മാണം ആരംഭിച്ചു. പൊതുസ്ഥലങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്നും പഞ്ചായത്ത് ശേഖരിക്കുന്ന മാലിന്യം ചിന്നാറിന് സമീപം നിക്ഷേപിച്ചതോടെ പെരിയാര്‍ ഉള്‍പ്പെടെ മാലിന്യം കൊണ്ട് നിറഞ്ഞു. പ്രശ്‌നം ഗുരുതരമായതോടെ മാലിന്യ സംസ്‌കരണത്തിന് പുതിയ പദ്ധതികള്‍ തേടുകയാണ് ഗ്രാമപഞ്ചായത്ത്. ശുചിത്വ മിഷന്‍ അനുവദിച്ച 13 ലക്ഷം രൂപക്ക് പ്രദേശത്തിന് അനുയോജ്യമായ തരത്തില്‍ യൂണിറ്റുകള്‍ നിര്‍മിച്ച് നല്‍കും. പദ്ധതിയുടെ തുടര്‍ച്ചയായി തുമ്പൂര്‍മൂഴി മോഡല്‍ നടപ്പിലാക്കാനാണ് തീരുമാനം.