ഇടുക്കി:ഫയര്‍ ആന്‍റ് റെസ്‌ക്യൂ സിവില്‍ ഡിഫന്‍സ് ഡേ ആചരിക്കുന്നതിന്‍റെ ഭാഗമായി ചെറുതോണി ടൗണും ടൗണിലൂടെ കടന്ന് പോകുന്ന വാഹനങ്ങളും സിവില്‍ ഡിഫന്‍സ് സേന അംഗങ്ങള്‍ അണുവിമുക്തമാക്കി. സ്റ്റേഷന്‍ ഓഫീസര്‍ ആര്‍ ജയദേവന്‍റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. രാജ്യത്തെ എല്ലാ വിഭാഗം സന്നദ്ധ പ്രവര്‍ത്തകരെയും ആദരിക്കുന്ന ദിവസം എന്ന നിലയ്ക്കാണ് ഇടുക്കി അഗ്‌നി രക്ഷാ നിലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ ഡിഫന്‍സ് സേന അംഗങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി പരിപാടി സംഘടിപ്പിച്ചത്.
ഇടുക്കി ചെറുതോണി ടൗണ്‍ അണുവിമുക്തമാക്കി
സ്റ്റേഷന്‍ ഓഫീസര്‍ ആര്‍ ജയദേവന്‍റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്
ചെറുതോണി ഫയര്‍ ആന്‍റ് റസ്‌ക്യൂ സര്‍വീസസ് ഇടുക്കി നിലയത്തിന് കീഴില്‍ വാഴത്തോപ്പ്, മരിയാപുരം,കാമാക്ഷി, കഞ്ഞിക്കുഴി എന്നീ പഞ്ചായത്തുകളുടെ അധീനതയിലുള്ള വാര്‍ഡുകളിലെ ജനങ്ങളില്‍ നിന്ന് സന്നദ്ധ പ്രവര്‍ത്തകരായ ആളുകളെ തെരഞ്ഞെടുത്ത് ട്രെയിനിങ് നല്‍കിയിരുന്നു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനയുടെ ഒപ്പം നിന്ന് പ്രവര്‍ത്തിക്കുക, ദുരന്തത്തിന് ആഘാതം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍ എന്ന ആശയം രൂപകല്‍പ്പന ചെയ്തത്.
ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സംഭവ സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കി ഗോള്‍ഡന്‍ അവറില്‍ തന്നെ യോഗ്യത നേടിയ പ്രദേശവാസികളായ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കും. അതുവഴി ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഒരു പരിധിവരെ സാധ്യമാകും. ഞായറാഴ്ച രാവിലെ മുതല്‍ ഉച്ച വരെ ടൗണ്‍ കേന്ദ്രീകരിച്ചാണ് ശുചീകരണ പ്രവര്‍ത്തികള്‍ ചെയ്തത്. കൂടാതെ പൊതു ജനങ്ങള്‍ക്ക് ബോധവല്‍ക്കരണ ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു.