ഇടുക്കി: പള്ളിതര്‍ക്ക വിഷയത്തില്‍ കോടതി വിധിക്കുള്ളില്‍ നിന്നുകൊണ്ടു തന്നെ സര്‍ക്കാര്‍ നിയമ നിര്‍മാണത്തിന് തയ്യാറാകണമെന്ന ആവശ്യമുന്നയിച്ച് യാക്കോബായ സഭ. ഇക്കാര്യം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ഭീമഹര്‍ജി നല്‍കുമെന്ന് യാക്കോബായ സഭ ഹൈറേഞ്ച് മേഖലാ മെത്രാപ്പോലീത്ത ഏലിയാസ് മോര്‍ യൂലിയോസ് പറഞ്ഞു. ഇതിന്‍റെ ഭാഗമായി അന്ത്യോഖ്യന്‍ സമരസമതിയുടെ നേതൃത്വത്തില്‍ നടത്തുന്ന അവകാശ സംരക്ഷണയാത്രക്ക് ഈ മാസം പതിനഞ്ചിന് തുടക്കമാകുമെന്നും മെത്രാപ്പോലീത്ത അറിയിച്ചു.
പള്ളിതര്‍ക്കം; സര്‍ക്കാര്‍ നിയമ നിര്‍മാണത്തിന് തയ്യാറാകണമെന്ന് യാക്കോബായ സഭ
പള്ളിതര്‍ക്ക വിഷയത്തില്‍ തങ്ങളുടെ പള്ളികള്‍ സംരക്ഷിക്കാന്‍ കോടതി വിധിക്കുള്ളില്‍ നിന്നുകൊണ്ടു തന്നെ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന ആവശ്യമാണ് യാക്കോബായ സഭ മുമ്പോട്ട് വയ്ക്കുന്നത്.
യാത്ര 29ന് തിരുവനന്തപുരത്ത് അവസാനിച്ച ശേഷം തങ്ങളുടെ ആവശ്യമുന്നയിച്ച് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ഭീമ ഹര്‍ജി സമര്‍പ്പിക്കും. വിഷയത്തില്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ജനുവരി ഒന്ന് മുതല്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ സഭാംഗങ്ങളുടെ നേതൃത്വത്തില്‍ സമരപരിപാടികള്‍ ആരംഭിക്കുമെന്നും യാക്കോബായ സഭ ഹൈറേഞ്ച് മേഖലാ മെത്രാപ്പോലീത്ത ഏലിയാസ് മോര്‍ യൂലിയോസ് പറഞ്ഞു. 15ന് ആരംഭിക്കുന്ന അവകാശസംരക്ഷണയാത്ര ഡിസംബര്‍ 21ന് അടിമാലി, രാജകുമാരി തുടങ്ങിയ ഇടങ്ങളിലും ഡിസംബര്‍ 22ന് കട്ടപ്പന, തൊടുപുഴ തുടങ്ങിയ കേന്ദ്രങ്ങളിലും എത്തിച്ചേരും.