ഇടുക്കി : ക്രിസ്‌മസ്, ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി കേരള-തമിഴ്‌നാട് അതിർത്തി മേഖലയായ കുമളിയിൽ ഇരു സംസ്ഥാനങ്ങളും സംയുക്തമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധന നടത്തി (Christmas New Year special drive at Kumily). കേരള പൊലീസ്, തമിഴ്‌നാട് പൊലീസ്, എക്‌സൈസ്, വനം വകുപ്പുകൾ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിശോധന. കേരള, തമിഴ്‌നാട് അതിർത്തി പങ്കിടുന്ന വന പ്രദേശങ്ങൾ, വനപാതകൾ തുടങ്ങിയ സ്ഥലങ്ങളിൽ മദ്യം, മയക്കുമരുന്ന് കടത്ത്, വ്യാജവാറ്റ്, ചാരായ നിർമാണം എന്നിവ തടയുന്നതിനായിരുന്നു പരിശോധന.
തമിഴ്‌നാട് പൊലീസ്, തേനി പ്രൊഹിബിഷൻ വിങ്, ഗൂഡല്ലൂർ ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർ, പീരുമേട് എക്‌സൈസ് ഓഫിസ് ജീവനക്കാർ, കുമളി ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥർ, കുമളി പൊലീസ് എന്നിവർ സംയുക്തമായാണ് ക്രിസ്‌മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി പരിശോധന നടത്തിയത്. ആദ്യം കുമളി അതിർത്തി ചെക്ക്പോസ്റ്റിൽ വാഹനങ്ങൾ ഉൾപ്പെടെ പരിശോധിച്ചു. വഴി യാത്രികനായ യുവാവിൽ നിന്നും രണ്ടു പൊതി കഞ്ചാവ് പിടികൂടി.
തുടർന്ന് കാടിനോട് ചേർന്നുള്ള കുമളി ആറാം മൈൽ വലിയപാറ, പാണ്ടിക്കുഴി, അരുവിക്കുഴി തുടങ്ങിയ ഭാഗങ്ങളിലും പട്രോളിങ് നടത്തി. പീരുമേട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ജി വിജയകുമാർ, പ്രിവന്‍റീവ് ഓഫിസർ സതീഷ്‌കുമാർ ഡി, ഷിയാദ് എ,
തമിഴ്‌നാട് പ്രൊഹിബിഷൻ വിങ് സർക്കിൾ ഇൻസ്‌പെക്‌ടർ സൂര്യ തിലകറാണി, സബ് ഇൻസ്‌പെക്‌ടർമാരായ മോഹൻ ദാസ് ഗാന്ധി, അളകർ രാജ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.