ഇടുക്കി:ക്രിസ്‌മസ് കാലത്ത് പുൽക്കൂട് ഒരുക്കുന്നതിൽ അതിശയമെന്നുമില്ല. എന്നാല്‍ ഉണ്ടമല സ്വദേശിയും വിമുക്ത ഭടനുമായ സെബാസ്റ്റ്യന്‍റെ പുല്‍ക്കൂട് അതിശയിപ്പിക്കുന്നതാണ്. സെബാസ്റ്റ്യൻ്റെ കരവിരുതിൽ പിറവിയെടുക്കുന്നത് ജീവനുള്ള കഥാപാത്രങ്ങളെ വെല്ലുന്ന പൂർണകായപ്രതിമകളാണ്.
ഉണ്ണി യേശു, യൗസേപ്പ് പിതാവ്, മറിയം, മൂന്നു രാജാക്കൻമാർ, മാലാഖ, ചെമ്മരിയാടുകൾ, ഒട്ടകം, മുയൽ എന്നിവയുടെയെല്ലാം പ്രതിമകൾ വിസ്‌മയ കാഴ്‌ചയാണ് സമ്മാനിക്കുന്നത്. പ്ലാസ്റ്റർ ഓഫ് പാരിസ് ഉപയോഗിച്ചാണ് മിക്ക പ്രതിമകളുടെയും നിർമാണം. ആറര അടിയോളം ഉയരമുണ്ട് മിക്ക പ്രതിമകൾക്കും. കോൺക്രീറ്റ് ഉപയോഗിച്ചാണ് ഒട്ടകത്തിൻ്റെയും, പശുകുട്ടിയുടെയും മറ്റും നിർമാണം.
ക്രിസ്‌മസിന് മുൻപ് മാസങ്ങൾക്കു മുൻപ് സെബാസ്റ്റ്യൻ പ്രതിമകളുടെ നിർമാണം ആരംഭിക്കും. ഇത്തവണ കൃത്രിമ വെള്ളച്ചാട്ടവും പുൽക്കൂടിന് സമീപത്തായി ഒരുക്കിയിട്ടുണ്ട്. നിരവധിയാളുകളാണ് പുൽക്കൂട് കാണാനും അഭിനന്ദിക്കാനുമായി എത്തുന്നത്.
പ്ലാസ്റ്റർ ഓഫ് പാരിസിൽ പുൽക്കൂട് തീർത്ത് സെബാസ്റ്റ്യൻ എല്ലാ വർഷവും മുടങ്ങാതെ ഇത്തരത്തിൽ പുൽകൂട് നിർമിക്കുന്നുണ്ടെന്നും കുടുംബത്തിൻ്റെ പൂർണ പിന്തുണ തനിക്കുണ്ടെന്നും സെബാസ്റ്റ്യൻ പറയുന്നു. 18 വർഷം പട്ടാളത്തിൽ ജോലി ചെയ്തതിന് ശേഷം വൊളണ്ടറി റിട്ടയർമെൻ്റ് വാങ്ങി ഇപ്പോൾ കൃഷി കാര്യങ്ങളുമായി കഴിയുകയാണ് സെബാസ്റ്റ്യന്‍. ഒഴിവു സമയങ്ങളിൽ തടിയിൽ കൊത്തുപണികളായി മനോഹര രൂപങ്ങളും സെബാസ്റ്റ്യൻ തീർക്കാറുണ്ട്.