ഇടുക്കി: ചിന്നക്കനാൽ പഞ്ചായത്ത് ഭരണം തിരിച്ച് പിടിച്ച് എല്‍ഡിഎഫ്. പഞ്ചായത്ത് പ്രസിഡന്‍റായി സിപിഐയിലെ എൻ.എം ശ്രീകുമാറും വൈസ് പ്രസിഡന്‍റായി സിപിഎം പിന്തുണയോടെ വിജയിച്ച സ്വതന്ത്ര അംഗം ജയന്തി രവിയും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 15ന് എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്ന് കോൺഗ്രസിന് ഭരണം നഷ്‌ടമായിരുന്നു. തെരഞ്ഞെടുപ്പില്‍ എൻ.എം ശ്രീകുമാറിനും ജയന്തി രവിക്കും 7 വോട്ടുകളാണ് ലഭിച്ചത്. അതേ സമയം കോണ്‍ഗ്രസിന് ലഭിച്ചത് 6 വോട്ടുകള്‍. കോൺഗ്രസ് 6, സിപിഐ 4, സിപിഎം 2, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.
എൽഡിഎഫുമായി ആലോചിച്ച് പഞ്ചായത്തിന്‍റെ വികസനത്തിനായുള്ള തുടർ പ്രവർത്തങ്ങൾ നടത്തുമെന്ന് നിയുക്‌ത പ്രസിഡന്‍റ് എൻ.എം ശ്രീകുമാർ പറഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനാണ് ഭൂരിപക്ഷം ലഭിച്ചത്. എന്നാല്‍ സിപിഎം, സിപിഐ തര്‍ക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന് ഭരണം ലഭിക്കുകയായിരുന്നു.
പന്ത്രണ്ടാം വാർഡിൽ നിന്ന് സിപിഎം പിന്തുണയുടെ മത്സരിച്ച് സിപിഐ സ്ഥാനാർഥിയെ 11 വോട്ടുകൾക്ക് പരാജയപ്പെടുത്തിയ ജയന്തി രവിക്കെതിരെ സിപിഐ നേതൃത്വം കള്ളവോട്ടുകള്‍ നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതിയിലും തെരഞ്ഞെടുപ്പ് കമ്മിഷനിലും പരാതി നൽകി. 16 കള്ള വോട്ടുകൾ നടന്നതിന്‍റെ തെളിവുകൾ സഹിതമാണ് സിപിഐ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയത്. ഈ പരാതി പിൻവലിക്കണമെന്ന സിപിഎമ്മിന്‍റെ ആവശ്യം സിപിഐ നിരാകരിച്ചതാണ് ഇരു പാർട്ടികളും തമ്മിലുള്ള ഭിന്നതയ്ക്ക് കാരണമായത്.
പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പുകളിൽ നിന്ന് സിപിഐ, സിപിഎം അംഗങ്ങൾ പങ്കെടുക്കാതെ വന്നതോടെ കോൺഗ്രസിലെ സിനി ബേബി പ്രസിഡന്‍റും ആർ. വള്ളിയമ്മൽ വൈസ് പ്രസിഡന്‍റുമായി തെരഞ്ഞെടുക്കപ്പെട്ടു. 2021ൽ ഡിസംബറിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായെങ്കിലും തുടർന്നും പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പുകളിൽ നിന്ന് സിപിഎം, സിപിഐ അംഗങ്ങൾ വിട്ടു നിന്നു. ഇതോടെ വീണ്ടും കോൺഗ്രസിനെ ഭരണം ലഭിച്ചു. ഇപ്പോൾ സിപിഐ -സിപിഎം ജില്ലാ നേതൃത്വങ്ങൾ ഇടപെട്ട് ഇരു പാർട്ടികളും തമ്മിലുള്ള ഭിന്നത പരിഹരിച്ചാണ് വീണ്ടും എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
രണ്ടര വർഷമാണ് ഇനി എൽഡിഎഫിനുള്ളത്. ഈ രണ്ടര വർഷവും സിപിഐക്ക് പ്രസിഡന്‍റ് സ്ഥാനവും സിപിഎമ്മിന് വൈസ് പ്രസിഡന്‍റ് സ്ഥാനവും എന്ന ധാരണയിലാണ് മുന്നണികൾ അവിശ്വാസ പ്രമേയത്തിലൂടെ ഭരണം പിടിച്ചെടുത്തത്.