ഇടുക്കി: ചിന്നക്കനാൽ പഞ്ചായത്തിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ നഷ്‌ടമായ ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്. അവിശ്വാസ പ്രമേയം പാസായതിനെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ നിന്നും സിപിഐ, സിപിഎം ഭിന്നതകളെ തുടർന്ന് എൽഡിഎഫ് അംഗങ്ങളും സ്വതന്ത്രയും വിട്ടുനിന്നതോടെയാണ് വീണ്ടും അധികാരത്തിലെത്തുവാൻ യുഡിഎഫിന് കളമൊരുങ്ങിയത്. അവിശ്വാസം നേരിട്ട സിനി ബേബി വീണ്ടും ചിന്നക്കനാൽ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ചിന്നക്കനാൽ പഞ്ചായത്തിൽ യുഡിഎഫിനും എൽഡിഎഫിനും ആറ് വാർഡുകൾ വീതവും ഒരു സ്വതന്ത്രയുമാണ് ഉള്ളത്. സ്വതന്ത്രയായ ജയന്തിയെ ഒപ്പം നിർത്തി ഭരണം പിടിക്കാൻ ഇരു മുന്നണികളും ശ്രമം നടത്തിയെങ്കിലും ഇവർ വിട്ടുനിന്നു. തുടർന്ന് നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന് ഭരണം ലഭിച്ചത്. ഇതിനിടെയാണ് പ്രസിഡൻ്റ് സിനിക്കെതിരെ എൽഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്.