ഇടുക്കി:പ്രതിസന്ധികളെ തരണം ചെയ്‌ത് മേടമാസത്തിലെ കാർത്തിക ഞാറ്റുവേലയിൽ വിത്തിറക്കി ചിന്നക്കനാലിലെ ഗോത്രവർഗം. ചിന്നക്കനാൽ 301 കോളനിയിലെ മുതുവാൻ സമുദായത്തിൽപ്പെട്ട ആദിവാസികളാണ് ഗോത്രവർഗ ആചാരപ്രകാരമുള്ള നടിൽ ഉത്സവം സംഘടിപ്പിച്ചത്.
കാട്ടാന ശല്യവും വനംവകുപ്പിന്‍റെ കുടിയിറക്ക് ഭീഷണിയും ആദിവാസി ചൂഷണവും കൊണ്ട് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ചിന്നക്കനാൽ 301 കോളനിയിലെ ആദിവാസികളാണ് പ്രതിസന്ധികളെയും ദുരിതങ്ങളെയും തരണം ചെയ്‌ത് കൃഷി ആരംഭിച്ചിരിക്കുന്നത്. ആനയിറങ്കൽ ജലാശയത്തിനോട് ചേർന്ന് ആദിവാസികൾക്ക് പതിച്ചു നൽകിയ തരിശു ഭൂമിയിലെ കാടുകൾ വെട്ടി തെളിച്ച് നിലം ഒരുക്കിയാണ് കൃഷി ആരംഭിച്ചിരിക്കുന്നത്.
മേടമാസത്തിലെ കാർത്തിക ഞാറ്റുവേലയിൽ വിത്തിറക്കി ചിന്നക്കനാലിലെ ഗോത്രവർഗവും നടിൽ ഉത്സവം: 15 ഹെക്‌ടർ സ്ഥലത്താണ് കൃഷിയിറക്കിയിരിക്കുന്നത്. കാട്ടാന ശല്യം അതിരൂക്ഷമായ പ്രദേശമാണ് ചിന്നക്കനാൽ 301 കോളനി. വന്യമൃഗങ്ങളുടെ ശല്യം കുറവുള്ള ഇഞ്ചിയും, മഞ്ഞളും, അരകൊടി ബീൻസുമാണ് ആദിവാസികൾ പ്രധാനമായും കൃഷിചെയ്യുന്നത്. എല്ലക്കൽ എന്ന നാടൻ ഇനമായ ഇഞ്ചിയാണ് ചിന്നക്കനാലിലെ ഗോത്രവർഗം വർഷങ്ങളായി കൃഷി ചെയ്‌തുവരുന്നത്. വന്യമൃഗ ശല്യത്തെ അതിജീവിച്ച് ചെയ്തുവരുന്ന കൃഷിയ്ക്ക് പൂർണ പിന്തുണയുമായി ചിന്നക്കനാൽ ഗ്രാമപഞ്ചായത്തും കൃഷിവകുപ്പും ഒപ്പമുണ്ട്.
ആദിവാസികൾ ഉൽപാദിപ്പിക്കുന്ന കാർഷിക ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുവാനും മെച്ചപ്പെട്ട വില കർഷകർക്ക് ലഭ്യമാക്കാനും കൃഷിവകുപ്പിന്‍റെ ഇടപെടൽ ഉണ്ടാകുമെന്ന് ദേവികുളം കൃഷി അസി. ഡയറക്‌ടർ പ്രമോദ് മാധവൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ നൂറ് ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് കൃഷികൾ ആരംഭിച്ചിരിക്കുന്നത്.
കൃഷികൾ ചെയ്യുന്നതിന് ഏറ്റവും അനുകൂലമായ സാഹചര്യമാണ് കാർത്തിക ഞാറ്റുവേലയുടെ ഒന്നാം ഭാഗം എന്നാണ് ആദിവാസികളുടെ വിശ്വാസം. ഇതിനെ തുടർന്നാണ് മേടമാസത്തിലെ കാർത്തിക ഞാറ്റുവേലയിൽ ഗോത്രവർഗ സമൂഹം കൃഷികൾ ആരംഭിച്ചത്. വേനൽ മഴയും പടികടന്നെത്തുന്ന ഇടവപ്പാതിയും കൃഷിക്ക് ഗുണകരമാകുമെന്ന വിശ്വാസമാണ് ഇവർക്ക് ഉള്ളത്.