ഇടുക്കി: ഇടുക്കിയിൽ പതിനാല് വയസുകാരി പ്രസവിച്ച സംഭവത്തിൽ ചൈൽഡ് ലൈൻ മൊഴിയെടുത്ത് റിപ്പോർട്ട് സമർപ്പിച്ചു. തൊടുപുഴ ചൈൽഡ് വെൽഫെയർ കമ്മറ്റിക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. രാജാക്കാട് പൊലീസിനും റിപ്പോർട്ട് കൈമാറി. കഴിഞ്ഞ മാസം 29ാം തിയതിയാണ് പതിനാലുകാരി അടിമാലി താലൂക്ക് ആശുപത്രിയിൽ ആൺകുട്ടിക്ക് ജന്മം നൽകിയത്.
ബന്ധുവിനെതിരെ മൊഴി
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചൈൽഡ് ലൈൻ പ്രവർത്തകർ പെൺകുട്ടിയെ സമീപിക്കുകയും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി തൊടുപുഴ ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് സമർപ്പിക്കുകയും ചെയ്‌തു. ബൈസൺവാലി സ്വദേശിയായ ബന്ധുവിനെതിരെയാണ് പെൺകുട്ടി മൊഴി നൽകിയത്.
പെൺകുട്ടിയുടെ അച്ഛൻ മരിച്ചതിന് ശേഷം അമ്മ കോട്ടയത്ത് വീട്ടുജോലിക്ക് പോയതോടെ ഒറ്റയ്ക്കായ പെണ്‍കുട്ടിയെ ബൈസൺവാലിയിലെ ബന്ധുവീട്ടിൽ ആക്കുകയായിരുന്നു. 2020 മുതൽ പെൺകുട്ടി ഇവർക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇവിടെ വച്ചാണ് ബന്ധു പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്.