ദേവികുളം:മാങ്കുളം ഗ്രാമപഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയമായ ചിക്കണംകുടി സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ യുപി സ്‌കൂളായി ഉയര്‍ത്തണമെന്ന് ആവശ്യം.
ചിക്കണംകുടി സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ യുപിഎസ് ആക്കണമെന്നാവശ്യം - lp school
നാലാം ക്ലാസ് കഴിഞ്ഞാല്‍ ഇപ്പോള്‍ പഠനം അവസാനിപ്പിക്കുകയാണ് കൂടുതല്‍ പേരും. ഈ സാഹചര്യം ഇല്ലാതാക്കാന്‍ സ്കൂള്‍ യു പിയായി ഉയര്‍ത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം
ഡിപിഇപി പദ്ധതി പ്രകാരം 1999ല്‍ ആരംഭിച്ച വിദ്യാലയത്തില്‍ ഭൂരിഭാഗവും ആദിവാസി കുട്ടികളാണ്. 1 മുതല്‍ 4 വരെ ക്ലാസുകളിലായി 75 ഓളം കുട്ടികള്‍ ഇവിടെ പഠിക്കുന്നു. സിങ്ക് കുടി, വെള്ളയപ്പന്‍ കുടി, പെരുമാള്‍ കുടി, അമ്പതാംമൈല്‍ ആറാംമൈല്‍ മേഖലകളില്‍ നിന്നുള്ള കുട്ടികളാണിവര്‍. നാലാം ക്ലാസിലെ പഠനത്തിന് ശേഷം തുടര്‍പഠനത്തിനായി ഇവര്‍ക്ക് മറ്റിടങ്ങളിലേക്ക് പോകേണ്ടി വരുന്നു. മൂന്നാര്‍ ഉള്‍പ്പെടെയുള്ള ട്രൈബല്‍ ഹോസ്റ്റലുകളിലാണ് രക്ഷിതാക്കള്‍ കുട്ടികളെ തുടര്‍പഠനത്തിനായി അയക്കുന്നത്. ആദിവാസി കോളനികളില്‍ നിന്നും മാറി നിന്നുള്ള ശീലമില്ലാത്തതിനാല്‍ കുട്ടികള്‍ പഠനമുപേക്ഷിച്ച് ഊരുകളില്‍ തിരികെയെത്തുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ചിക്കണംകുടിയിലെ എല്‍പി സ്‌കൂള്‍ യുപി സ്‌കൂളായി ഉയര്‍ത്തിയാല്‍ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് രക്ഷിതാക്കള്‍ പറയുന്നു. കെട്ടിട നിര്‍മാണത്തിനാവശ്യമായ സ്ഥലസൗകര്യം വിദ്യാലയത്തിനുണ്ട്.