ഇടുക്കി: തോപ്രാംകുടി, ഉടുമ്പന്‍ചോല സബ് രജിസ്ട്രാര്‍ ഓഫീസ് മന്ദിരങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പൊതുജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഉദ്ഘാനത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. കാലാനുസൃതമായ സൗകര്യങ്ങളാണ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ഒരുക്കിയിട്ടുള്ളതെന്നും അദേഹം പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി ഓഫീസ് മന്ദിരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ഓഫീസുകള്‍ അഴിമതി രഹിതമാക്കുന്നതിന് വിവിധ സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ക്ക് ഇ പേയ്‌മന്‍റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഫീസ് അടക്കുന്ന ഇ-പേയ്‌മന്‍റ് സംവിധാനം നടപ്പിലാക്കിയതോടെ സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ ക്യാഷ്‌ലെസ് ആയി മാറിയിരിക്കുകയാണ്. സംസ്ഥാനത്തെ മുഴുവന്‍ സബ് രജിസ്ട്രാര്‍ ഓഫീസുകളിലെയും രേഖകള്‍ ഡിജിറ്റൽ ആക്കുന്നതിന് വേണ്ടി അനശ്വര എന്ന പദ്ധതി നടപ്പിലാക്കി. ഒരു ലക്ഷം രൂപയില്‍ താഴെയുള്ള സ്റ്റാമ്പുകള്‍ ഇ-സ്റ്റാമ്പിങ്ങിലൂടെ നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങള്‍ക്ക് തടസമില്ലാതെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും ബിഎസ്എന്‍എല്ലിന്‍റെ ഒപ്റ്റിക് ഫൈബര്‍ കണക്ഷനുകള്‍ നല്‍കും. ആധാര രജിസ്‌ട്രേഷന്‍ നടപടികള്‍ ലളിതവും സുതാര്യവുമാക്കി രജിസ്‌ട്രേഷന്‍ ഓഫീസുകളെ കൂടുതല്‍ ജനസൗഹൃദമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.