ഇടുക്കി: പ്രകൃതി മനോഹാരിത തേടി ഹൈറേഞ്ചിലേക്ക് എത്തുന്ന സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമാണ് കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ മലനിരയായ ചതുരംഗപ്പാറമെട്ട്. കേരളത്തിന്‍റെ കിഴക്കേ അറ്റത്തുള്ള ചതുരംഗപ്പാറമെട്ടിന്‍റെ കൂടുതൽ ഭാഗവും തമിഴ്നാടിന്‍റെഅധീനതയിലാണ്.പക്ഷെ കേരളത്തിലൂടെ മാത്രമെ ഇവിടേക്ക് പ്രവേശിക്കാനാവൂ.കാറ്റാടി യന്ത്രങ്ങളും പച്ചവിരിച്ച മലനിരകളും തമിഴ്‌നാടന്‍ ഗ്രാമങ്ങളുടെ വിദൂര കാഴ്‌ചകളും ആസ്വദിക്കുന്നതിന് നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.
സഞ്ചാരികളുടെ മനം കവര്‍ന്ന് ചതുരംഗപ്പാറ - tourism
സഞ്ചാരയോഗ്യമല്ലാത്ത വഴിയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതും ബുദ്ധിമുട്ടിക്കുന്നുവെന്ന് സഞ്ചാരികള്‍
പൂപ്പാറ-കുമളി റൂട്ടില്‍ ചതുരംഗപ്പാറയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മലകയറിയാല്‍ തുരംഗപ്പാറമെട്ടിലെത്താം . ഇവിടെ നിന്നും രണ്ടായിരം അടി താഴ്‌ചയിലുള്ള തമിഴ്‌നാടന്‍ കാര്‍ഷിക ഗ്രാമങ്ങളുടെ വിദൂര ദൃശ്യങ്ങള്‍ മനംകുളിർക്കുന്നതാണ്. രാമക്കൽമേടിനെ അനുസ്മരിപ്പിക്കുന്നതാണ് ഈ മനോഹര മലനിരകൾ. വശ്യമെങ്കിലും വന്യസൗന്ദര്യം നിറഞ്ഞ ചതുരംഗപ്പാറമെട്ട് മികച്ച സാഹസിക വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്. തമിഴ്‌നാട് വൈദ്യുതി ഉല്‍പാദനത്തിന് വേണ്ടി സ്ഥാപിച്ചിരിക്കുന്ന കാറ്റാടി യന്ത്രങ്ങളും മഞ്ഞുമൂടുന്ന അതിര്‍ത്തി മലനിരകളും കൺകുളിർക്കെ ഇവിടെ നിന്ന് ആസ്വദിക്കാം. നിര്‍ത്താതെ വീശിയടിക്കുന്ന തണുത്ത കാറ്റും ഇവിടത്തെ പ്രത്യേകതയാണ്.
തേക്കടിയിലേക്കും മൂന്നാറിലേക്കും പോകുന്ന നൂറുകണക്കിനു സഞ്ചാരികളാണു ദിവസവും ചതുരംഗപ്പാറമെട്ടിലെത്തുന്നത്. എന്നാല്‍ സഞ്ചാരയോഗ്യമല്ലാത്ത വഴിയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതും പ്രതിസന്ധിയാണെന്ന് ഇവിടെയെത്തുന്ന സഞ്ചാരികള്‍ പറയുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ ഇടപെട്ട് പ്രദേശത്ത് വേണ്ട സുരക്ഷാ സംവിധാനവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണമെന്നാണ് സഞ്ചാരികളുടെ ആവശ്യം.