കേരളം

kerala

ചക്കക്കൊമ്പനെ കാറിടിച്ച സംഭവം: പരിക്ക് നിസാരമെന്ന് വനംവകുപ്പ്, നിരീക്ഷണം തുടരും

By

Published : May 25, 2023, 2:56 PM IST

കാർ ഇടിച്ച ചക്കക്കൊമ്പന് കാര്യമായ പരിക്കുകളില്ലെന്ന വിവരം ദേവികുളം റേഞ്ച് ഓഫിസറാണ് മാധ്യമങ്ങളെ അറിയിച്ചത്

chakkakomban injured in car accident  chakkakomban injured in car  chakkakomban  car accident chakkakomban  car hit on wild elephant  വനം വകുപ്പ്  ചക്കക്കൊമ്പനെ കാറിടിച്ചു  ചക്കക്കൊമ്പൻ കാർ അപകടം  ചക്കക്കൊമ്പൻ അപകടം  ചക്കക്കൊമ്പൻ പരിക്ക്
ചക്കകൊമ്പൻ

കാറിലുണ്ടായിരുന്നവരുടെ പ്രതികരണം

ഇടുക്കി : കൊച്ചി - ധനുഷ്കോടി ദേശീയ പാതയില്‍ തോണ്ടിമല ചൂണ്ടലിന് സമീപത്ത് വച്ച് ചൊവ്വാഴ്‌ച രാത്രി കാര്‍ ഇടിച്ച ചക്കക്കൊമ്പന് കാര്യമായ പരുക്കുകളില്ല. ദേവികുളം റേഞ്ച് ഓഫിസര്‍ പിവി വെജിയാണ് ഇക്കാര്യം പറഞ്ഞത്. ഇന്നലെ രാവിലെ സിമന്‍റ് പാലത്തിന് സമീപത്ത് വച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചക്കക്കൊമ്പനെ കണ്ടെത്തി. വാഹനം തട്ടിയതിനാല്‍ കാട്ടാന പ്രകോപിതനാണെന്ന് വാച്ചര്‍മാര്‍ പറഞ്ഞു.

പ്രഥമ ദൃഷ്‌ടിയില്‍ പരിക്കുകളൊന്നുമില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എങ്കിലും തുടര്‍ന്നും ചക്കക്കൊമ്പനെ നിരീക്ഷിക്കും. വന്യമൃഗങ്ങള്‍ റോഡിലിറങ്ങുന്നതിനാല്‍ കൊച്ചി - ധനുഷ്കോടി ദേശീയ പാതയില്‍ ദേവികുളം മുതല്‍ ബോഡിമെട്ട് വരെയുള്ള ഭാഗത്തെ രാത്രി യാത്ര അനിശ്ചിതത്വം നിറഞ്ഞതാണ്.

ചൊവ്വാഴ്‌ച രാത്രി തോണ്ടിമല ചൂണ്ടലിന് സമീപത്ത് വച്ച് കാര്‍ ചക്കകൊമ്പന്‍റെ ദേഹത്ത് തട്ടിയാണ് അപകടം. പരിക്കേറ്റ കാര്‍ യാത്രികന്‍ ചൂണ്ടല്‍ സ്വദേശി തങ്കരാജ് (73) ബോഡിനായ്ക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒറ്റയാന്‍ കാറിലേക്ക് ചാഞ്ഞതു മൂലം വാഹനത്തിന്‍റെ മുന്‍വശത്തെ ഗ്ലാസ് പൊട്ടുകയും മേല്‍ഭാഗം തങ്കരാജിന്‍റെ തലയിലേക്ക് അമരുകയും ചെയ്‌തു.

തങ്കരാജിന്‍റെ തലയില്‍ 11 സ്റ്റിച്ചുണ്ട്. മുന്‍പും റോഡിലിറങ്ങുന്ന കാട്ടാനാകള്‍ വാഹനങ്ങളെ ആക്രമിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. രണ്ട് മാസം മുന്‍പ് പൂപ്പാറയ്ക്ക് സമീപത്ത് വച്ച് ചരക്ക് ലോറിക്കുനേരെ ഒറ്റയാന്‍റെ ആക്രമണം ഉണ്ടായി. ഒരു മാസം മുന്‍പ് ആനയിറങ്കലിന് സമീപത്ത് വച്ച് ജീപ്പ് യാത്രികര്‍ക്ക് നേരെയും കാട്ടാനയുടെ ആക്രമണമുണ്ടായിരുന്നു.

ഈ അപകടങ്ങളെല്ലാം സംഭവിച്ചത് രാത്രി സമയത്തായിരുന്നു. രാത്രിയില്‍ കനത്ത മുടല്‍ മഞ്ഞും ഇരുട്ടും കാഴ്‌ച മറയ്ക്കുന്നതിനാല്‍ അപ്രതീക്ഷിതമായി റോഡിലിറങ്ങുന്ന വന്യ മൃഗങ്ങളെ ഡ്രെെവര്‍ക്ക് കാണാനാവില്ല. ഇരുചക്ര വാഹനങ്ങളിലും കാറുകളിലും സഞ്ചരിക്കുന്നവരാണ് അപ്രതീക്ഷിതമായി വന്യമൃഗങ്ങള്‍ റോഡ് മുറിച്ചു കടക്കുന്നത് മൂലം ഏറെ ബുദ്ധിമുട്ടുന്നത്. ദേശീയ പാതയില്‍ കാട്ടാന ശല്യമുള്ള സ്ഥലങ്ങളിലെല്ലാം മിനിമാസ്റ്റ് ലെെറ്റുകള്‍ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ പറയുന്നു.

ഭയം വിട്ടുമാറാതെ തങ്കരാജും കുടുംബവും:കാറിലുണ്ടായിരുന്ന ചൂണ്ടല്‍ സ്വദേശി തങ്കരാജിനും മകള്‍ റോസലിൻ സത്യക്കും ഇപ്പോഴും ഭയം വിട്ടൊഴിഞ്ഞിട്ടില്ല. ചൊവ്വാഴ്‌ച രാത്രി 7.15ന് തോണ്ടിമല ചൂണ്ടലിന് സമീപത്ത് വച്ചാണ് ഇവര്‍ സഞ്ചരിച്ച കാര്‍ ചക്കക്കൊമ്പന്‍റെ ദേഹത്ത് ഇടിച്ചത്. തങ്കരാജിന്‍റെ കൊച്ചുമകന്‍ പോള്‍ കൃപാകരനാണ് കാർ ഓടിച്ചിരുന്നത്.

ആനയിറങ്കലില്‍ നിന്ന് മതികെട്ടാനിലേക്കും തിരിച്ചും കാട്ടാനകള്‍ സ്ഥിരമായി റോഡ് മുറിച്ചു കടക്കാറുള്ള ഭാഗമാണിത്. ചൊവ്വാഴ്‌ച രാത്രി കാട്ടാന റോഡിലിറങ്ങിയപ്പോള്‍ സമീപത്തെ വീടുകളിലുള്ളവരെല്ലാം പുറത്തിറങ്ങി ഇത് കാണുന്നുണ്ടായിരുന്നു. അപ്രതീക്ഷിതമായാണ് ആന റോഡിലേക്ക് ഇറങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു.

തങ്കരാജും കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന കാറിന്‍റെ വേഗത കുറവായിരുന്നു. കാര്‍ ആനയെ തട്ടിയതോടെ അവിടെയുണ്ടായിരുന്ന നാട്ടുകാര്‍ ഉച്ചത്തില്‍ ബഹളം വച്ചു. ഇതോടെ കാറിന് മുന്‍ ഭാഗത്തേക്ക് ചാഞ്ഞിരുന്ന ചക്കക്കൊമ്പന്‍ വേഗത്തില്‍ എഴുന്നേറ്റ് താഴെയുള്ള കാട്ടിലേക്ക് പോയി. പ്രകോപിതനായ ചക്കക്കൊമ്പന്‍ കാറിന് നേരെ തിരിഞ്ഞിരുന്നെങ്കില്‍ തങ്ങള്‍ ജീവനോടെ ഉണ്ടാകുമായിരുന്നില്ല എന്നാണ് തങ്കരാജും കുടുംബവും പറയുന്നത്.

ABOUT THE AUTHOR

...view details