ഇടുക്കി: സംസ്ഥാനത്തുണ്ടായ രണ്ട് മഹാപ്രളയങ്ങളെയും അതിജീവിച്ച് മാങ്കുളത്തെ കേഡര്‍പാലം. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച കേഡര്‍പാലം ആലുവ-മൂന്നാര്‍ പാതയിലാണ് സ്ഥിതിചെയ്യുന്നത്. മാങ്കുളം പെരുമന്‍കുത്തില്‍ കാടിനേയും നാടിനേയും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍വരമ്പെന്ന തരത്തിലാണ് കേഡര്‍പാലം സ്ഥിതിചെയ്യുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ മഹാപ്രളയത്തേയും 2018ലെ പ്രളയത്തേയും ഈ കേഡര്‍പാലം കരുത്തുകൊണ്ട് നേരിട്ടു. ബ്രിട്ടീഷുകാര്‍ ഇരുമ്പുകേഡറുകള്‍ കൊണ്ട് നിര്‍മിച്ചതിനാല്‍ കൊളോണിയല്‍ ഭരണത്തിന് ശേഷം നാട്ടുകാര്‍ പാലത്തെ കേഡര്‍പാലമെന്ന് വിളിച്ചു തുടങ്ങി. ചുണ്ണാമ്പും ശര്‍ക്കരയും ചേര്‍ത്തുള്ള സുര്‍ക്കി മിശ്രിതമാണ് കേഡര്‍പാലത്തിന്‍റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ബ്രിട്ടീഷ് നിര്‍മിതിയെങ്കിലും മാങ്കുളം വിനോദസഞ്ചാര ഭൂപടത്തില്‍ അര്‍ഹമായ സ്ഥാനം ഈ പാലത്തിന് ലഭിച്ചിട്ടില്ല.
മഹാപ്രളയത്തെ അതിജീവിച്ച് മാങ്കുളത്തെ കേഡര്‍പാലം
ബ്രിട്ടീഷുകാര്‍ ഇരുമ്പുകേഡറുകള്‍ കൊണ്ട് നിര്‍മിച്ചതിനാല്‍ കൊളോണിയല്‍ ഭരണത്തിന് ശേഷം നാട്ടുകാര്‍ പാലത്തെ കേഡര്‍പാലമെന്ന് വിളിച്ചു തുടങ്ങി
ആലുവാ മൂന്നാര്‍ റോഡ് സഞ്ചാരയോഗ്യമല്ലെങ്കിലും കുറത്തികുടിയില്‍ നിന്നും ആദിവാസി ജനത മാങ്കുളത്തേക്ക് എത്തുന്നത് ഈ കേഡര്‍പാലത്തിലൂടെയാണ്. നാളുകള്‍ക്ക് മുമ്പ് പഞ്ചായത്ത് ഇടപെട്ട് പാലം ബലപ്പെടുത്തുകയും ഗതാഗതയോഗ്യമാക്കി തീര്‍ക്കുകയും ചെയ്തിരുന്നു. മഴക്കാലത്ത് കേഡര്‍പാലവും സമീപത്തുള്ള പെരുമന്‍കുത്ത് വെള്ളച്ചാട്ടവും പാലത്തിന് മറുകരയിലുള്ള ഘോര വനവും നല്‍കുന്ന വശ്യമനോഹാരിത പറഞ്ഞറിയിക്കാനാവില്ല. ബ്രിട്ടീഷ് കാലഘട്ടത്തിന്‍റെ ചരിത്ര അവശേഷിപ്പായി തുടരുന്ന പാലത്തെ വിനോദ സഞ്ചാരവുമായി ബന്ധിപ്പിച്ചാല്‍ മാങ്കുളത്തേക്കെത്തുന്ന സഞ്ചാരികള്‍ക്കത് കൗതുകമായി തീരും.