ഇടുക്കി: ലോക്‌ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ജനകീയ ഹോട്ടലൊരുക്കി വിശക്കുന്നവര്‍ക്ക് തുച്ഛമായ നിരക്കില്‍ ഉച്ചയൂണെത്തിച്ചു നല്‍കുകയാണ് സിഡിഎസ് പ്രവര്‍ത്തകര്‍. ഓരോ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് സിഡിഎസിൻ്റെ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. അടിമാലിയിലെ സിഡിഎസ് പ്രവര്‍ത്തകര്‍ ഇതിനോടകം 700ഓളം ചോറു പൊതികള്‍ ആവശ്യക്കാരുടെ പക്കല്‍ എത്തിച്ചു കഴിഞ്ഞു.
വിശക്കുന്നവര്‍ക്ക് തുച്ഛമായ നിരക്കില്‍ ഉച്ചയൂണെത്തിച്ചുനല്‍കി സിഡിഎസ് പ്രവര്‍ത്തകര്‍ കൈയ്യില്‍ പണമുണ്ടായിട്ടും അടഞ്ഞ് കിടക്കുന്ന ഭക്ഷണശാലകള്‍ക്ക് മുമ്പില്‍ ലോക്‌ഡൗണ്‍ കാലത്ത് ചിലരെങ്കിലും നിസഹായരായി നിന്നിട്ടുണ്ടാകും. ഈ സ്ഥിതിവിശേഷം മറികടക്കുന്നതിനായാണ് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സിഡിഎസുകളുടെ നേതൃത്വത്തില്‍ വിവിധ പഞ്ചായത്തുകള്‍ക്ക് കീഴില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തിച്ച് വരുന്നത്.
സിഡിഎസ് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടാല്‍ നിശ്ചിത ദൂരപരിധിക്കുള്ളിലാണെങ്കില്‍ ഉച്ചയൂണ് തുച്ഛമായ നിരക്കില്‍ എത്തിച്ചു നല്‍കും. ദിവസവും 80തിനടുത്ത് ചോറു പൊതികള്‍ ഇവര്‍ ആവശ്യക്കാരുടെ പക്കല്‍ എത്തിക്കുന്നുണ്ട്. വൈകുന്നേരങ്ങളില്‍ അടിമാലി താലൂക്കാശുപത്രിയിലെ ആവശ്യക്കാരായ രോഗികള്‍ക്ക് കഞ്ഞിയും എത്തിച്ച് നല്‍കുന്നു.
ചോറും മൂന്നു തരം കറികളും ഉച്ചയൂണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 25 രൂപയാണ് നിരക്ക്. ഓട്ടോറിക്ഷകളില്‍ സിഡിഎസ് പ്രവര്‍ത്തകര്‍ തന്നെ ആവശ്യക്കാര്‍ക്ക് ചോറു വിതരണം നടത്തുന്നു. അടിമാലി താലൂക്കാശുപത്രിയിലെ കിടപ്പു രോഗികളും അടിമാലി ടൗണില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും ഉച്ചയൂണിന് ആവശ്യക്കാരായുണ്ട്. ആശുപത്രിയില്‍ എത്തുന്ന ഏതാനും ചില നിര്‍ധന രോഗികള്‍ക്ക് ഉച്ചയൂണ് സൗജന്യമായും നല്‍കി വരുന്നു. ലാഭമല്ല മറിച്ച് വിശക്കുന്നവരുടെ വയറു നിറക്കുകയെന്ന ലക്ഷ്യമാണ് ജനകീയ ഹോട്ടലിനുള്ളതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. അടിമാലി സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സൂസന്‍ ജോസ്,സിഡിഎസ് പ്രവര്‍ത്തകരായ ജോളി സുധന്‍,സലീന സൈനുദ്ദീന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജനകീയ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്.