ഇടുക്കി: കട്ടപ്പന നഗരത്തിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ മിഴിയടച്ചു. വിവിധ മേഖലകളിലായി സ്ഥാപിച്ച 19 നിരീക്ഷണ ക്യാമറകളാണ് പ്രവര്‍ത്തനരഹിതമായത്. ലക്ഷങ്ങൾ ചിലവഴിച്ചാണ് നഗരസഭ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്. 2018 ഏപ്രിലിലാണ് നഗരത്തിന്‍റെ 16 കേന്ദ്രങ്ങളിലായി 32 ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കിയത്. പൊലീസ് സ്റ്റേഷനില്‍ കണ്‍ട്രോള്‍ യൂണിറ്റ് സ്ഥാപിച്ചാണ് നിരീക്ഷണം നടത്തുന്നത്. നഗരത്തില്‍ നടക്കുന്ന എല്ലാവിധ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുന്നതിനും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും വേണ്ടിയാണ് ക്യാമറകള്‍ സ്‌ഥാപിച്ചത്. എന്നാല്‍ ഇപ്പോൾ 13 ക്യാമറകൾ മാത്രമാണ് പ്രവർത്തിക്കുന്നത്.
കണ്ണടച്ച് നിരീക്ഷണ ക്യാമറകൾ; കട്ടപ്പനയിൽ സാമൂഹിക വിരുദ്ധരുടെ ശല്യം - കട്ടപ്പന നഗരം
2018 ഏപ്രിലിലാണ് നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലായി 32 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്. എന്നാൽ അതിൽ 19 ക്യാമറകൾ ഇപ്പോൾ പ്രവര്‍ത്തനരഹിതമാണ്.
![കണ്ണടച്ച് നിരീക്ഷണ ക്യാമറകൾ; കട്ടപ്പനയിൽ സാമൂഹിക വിരുദ്ധരുടെ ശല്യം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4837452-333-4837452-1571758891645.jpg)
പാറക്കടവ്, ഇടശേരി ജങ്ഷന്‍, ഐ.ടി.ഐ ജങ്‌ഷന്‍ തുടങ്ങിയ പ്രദേശങ്ങളിലും ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമല്ല. സെന്‍ട്രല്‍ ജങ്‌ഷനില്‍ ക്യാമറ സ്‌ഥാപിച്ചിരുന്ന പോസ്റ്റ് ഉള്‍പ്പെടെ നഗരസഭ സൗന്ദര്യവത്കരണത്തിന്‍റെ ഭാഗമായി നീക്കി. ഏറ്റവും തിരക്കേറിയ ഈ മേഖലയിലെ ക്യാമറ നീക്കിയത് സാമൂഹിക വിരുദ്ധരുടെ ശല്യം വർദ്ധിക്കുവാനിടയാക്കിയിട്ടുണ്ട്. സാമൂഹിക വിരുദ്ധരുടെ ശല്യവും വാഹന മോഷണവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സിസിടിവി ക്യാമറകള്‍ അടിയന്തരമായി നന്നാക്കണമെന്ന ആവശ്യം ശക്തമാണ്. നിരീക്ഷണ ക്യാമറകൾ പ്രവര്‍ത്തന രഹിതമായത് വിവിധ കേസുകളിലെ പൊലീസ് അന്വേഷണത്തേയും ബാധിച്ചിരിക്കുകയാണ്.