ഇടുക്കി:വരയും ചിരിയുമായി ഇടുക്കിയിലെ പുതുതലമുറയ്‌ക്കൊപ്പം വിശേഷങ്ങള്‍ പങ്കുവെച്ച് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസും സ്‌പീഡ് കാര്‍ട്ടൂണിസ്റ്റ് ജിതേഷും. ഉടുമ്പന്‍ചോലയില്‍ വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള പുരസ്‌കാര വിതരണത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഇരുകൈകള്‍കൊണ്ടും ഒരേ സമയം വരകള്‍ കോറിയിട്ട് അതിവേഗത്തില്‍ കാരിക്കേച്ചറുകള്‍ക്ക് പിറവി നല്‍കിയാണ് സ്‌പീഡ് കാര്‍ട്ടൂണിസ്റ്റ് ജിതേഷ് കുട്ടികള്‍ക്കൊപ്പം ചേര്‍ന്നത്.
കാര്‍ട്ടൂണിസ്റ്റ് ജിതേഷിന്‍റെ വേഗവരയില്‍ നവ്യാനുഭവമായി ഇടുക്കിയിലെ മെറിറ്റ് ഫെസ്‌റ്റ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ട പ്രമുഖരുടെ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് വരച്ചത്. മഹാത്മാഗാന്ധിയും എപിജെ അബ്‌ദുല്‍ കലാമും രവീന്ദ്ര നാഥ ടാഗോറും ഉള്‍പ്പടെ സാമൂഹിക രംഗത്തെ പ്രമുഖരും സിനിമ താരങ്ങളുമെല്ലാം വരകളിലൂടെ തെളിഞ്ഞു. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെ വേദിയില്‍ നിര്‍ത്തി എംപിയുടെ ചിത്രവും വരച്ചു.
മെറിറ്റ് ഫെസ്‌റ്റ് 'റൈസിന്‍റെ' ഭാഗം:ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്‍റ് മണ്ഡലത്തില്‍ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യംവച്ച് നടപ്പിലാക്കുന്ന റൈസ് പദ്ധതിയുടെ ഭാഗമായാണ് പുരസ്‌കാര വിതരണം. കല്ലാര്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ നടന്ന ഉടുമ്പന്‍ചോല മണ്ഡലം തല പരിപാടിയില്‍ എസ്എസ്എല്‍സി, പ്ല്‌സ്‌ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടിയ വിദ്യാര്‍ഥികളെയും നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ സ്‌കൂളുകളെയും ആദരിച്ചു.
ഇടുക്കിയില്‍ നിന്ന് മികവുറ്റ യുവ തലമുറ വളര്‍ന്ന് വരുന്നതിനും സിവില്‍ സര്‍വീസ് രംഗത്ത് കൂടുതല്‍ പ്രതിഭകള്‍ ഉടലെടുക്കുന്നതിനും നിരവധി പദ്ധതികളാണ് റൈസ് പ്രോഗ്രാമിന്‍റെ ഭാഗമായി നടപ്പിലാക്കുന്നത്. യോഗത്തില്‍ റൈസ് പ്രോഗ്രാം കോ ഓർഡിനേറ്റർ വിഡി എബ്രഹാം, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ടോമി ഫിലിപ്പ്, പ്രിൻസിപ്പാൾ എഎസ് ഇസ്മൈൽ, ഹെഡ്‌മാസ്റ്റർ കൃഷ്ണൻ എംപി, പിടിഎ പ്രസിഡന്‍റ് ജി ബൈജു, എസ്എം സി ചെയർമാൻ കെഎം ഷാജി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. മെൽബിൻ ജോയി, സിബി മാത്യു, സെബിൻ എബ്രഹാം, ആരിഫ് കരീം എന്നിവർ നേതൃത്വം നൽകി.