ഇടുക്കി :കൃഷിയിടത്തിൽ നിന്നും പതിവായി ഏലക്ക മോഷ്‌ടിച്ചിരുന്ന യുവാക്കൾ പിടിയിൽ (Cardamom Theft Idukki). ഇടുക്കി നെടുംകണ്ടം ആദിയാർപുരം സ്വദേശികളായ മഠത്തിനാൽ ആഷ്‌ലി, പുതുപ്പറമ്പിൽ അഭിജിത്, കോരണ്ടിചേരിൽ വിഷ്‌ണു എന്നിവരാണ് പിടിയിലായത് (Cardamom Stolen). പാമ്പാടുംപറയിലെ ഏലത്തോട്ടത്തിൽ നിന്നും ഇവർ പതിവായി ഏലക്ക മോഷ്‌ടിച്ചു കടത്തിയിരുന്നു.
പാമ്പാടുമ്പാറ സ്വദേശി വിൻസന്‍റിന്‍റെ തോട്ടത്തിൽ നിന്നുമാണ് പ്രതികൾ ഏലക്ക മോഷ്‌ടിച്ചു കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം യുവാക്കൾ മോഷണം നടത്തുന്നത് ഉടമസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതോടെ യുവാക്കൾ ഓടി രക്ഷപെടാൻ ശ്രമിക്കുകയും ഉടമസ്ഥർ ഇവരെ തടയാൻ ശ്രമിക്കുകയും ചെയ്‌തു.
ഇതിനിടെ വിൻസന്‍റിന്‍റെ പിതാവിന്‍റെ കൈവശം ഉണ്ടായിരുന്ന വാക്കത്തി കൊണ്ട് ആഷ്‌ലിയുടെ കൈയിൽ മുറിവേറ്റു. അദ്ദേഹത്തെ തള്ളിയിട്ട് ആഷ്‌ലി ഓടി രക്ഷപെടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ നെടുംകണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ആഷ്‌ലിയെയും പാമ്പാടുംപാറയിൽ നിന്നും വിഷ്‌ണുവിനെയും അഭിജിത്തിനെയും പിടികൂടുകയായിരുന്നു.
അതേസമയം കഴിഞ്ഞ വർഷം ഓഗസ്‌റ്റിൽ നെടുംകണ്ടം തൂക്കുപാലം അമ്പതേക്കറിൽ സ്വകാര്യ വ്യക്തിയുടെ വസ്‌തുവിലെ നൂറു കിലോയിലധികം ഏലക്ക മോഷണം പോയതായി പരാതി ലഭിച്ചിരുന്നു.
തൂക്കുപാലം ചന്ദ്രഭവനിൽ രാജേഷിന്‍റെ 300 ഓളം ഏലചെടികളിലെ മുഴുവൻ ഏലക്കായാണ് കള്ളൻ മോഷ്‌ടിച്ചത്. ഏലം നട്ടതിന് ശേഷം ആദ്യമായി വിളവെടുക്കാൻ തൊഴിലാളികളെയും കൊണ്ട് എത്തിയപ്പോഴായിരുന്നു ഓരോ ശരത്തിലെയും മൂന്ന് കായ്‌ക്കൾ വരെ മോഷ്‌ടിച്ചതായി കണ്ടെത്തിയത്.