ഇടുക്കി: ഓണക്കാല പ്രതീക്ഷകള്‍ അസ്തമിച്ച് ഇടുക്കിയിലെ ഏലം കര്‍ഷകര്‍. വിളവെടുപ്പ് സമയത്തും ഏലക്കായുടെ വില ഉയരാത്തതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്. നാലായിരത്തിന് മുകളില്‍ വില ലഭിച്ചിരുന്ന ഏലയ്ക്കായ്ക്ക് നിലവില്‍ ആയിരം രൂപവരെയാണ് പരമാവധി വില ലഭിക്കുന്നത്.
വില ഉയരാതെ ഏലക്ക; ഓണക്കാല പ്രതീക്ഷകള്‍ അസ്തമിച്ച് ഇടുക്കിയിലെ കര്‍ഷകര്‍ കാലവര്‍ഷത്തിലെ കൃഷിനാശവും ലോക്ക്ഡൗണുമെല്ലാം ഇടുക്കിയിലെ ഏലം കര്‍ഷകര്‍ക്ക് കനത്ത പ്രഹരമാണേല്‍പ്പിച്ചത്. ഇതിനൊപ്പം പ്രതിസന്ധികളെ തരണം ചെയ്ത് ഉല്‍പ്പാദിപ്പിച്ച ഏലക്കായ്ക്ക് വിളവെടുപ്പ് സമയത്തുണ്ടായിരിക്കുന്ന വില തകര്‍ച്ചയും കര്‍ഷകരെ കടക്കെണിയിലാക്കുകയാണ്. ഉല്‍പ്പാദന ചെലവിന് ആനുപാതികമായ വില ഉറപ്പാക്കുന്നതിന് നടപടി വേണമെന്ന ഏലം കര്‍ഷകരുടെ ആവശ്യത്തിനും കാലങ്ങളുടെ പഴക്കമുണ്ട്.
വളം കീടനാശിനികളുടെ അമിതമായ വില വര്‍ധനവും ഉൽപ്പാദന ചിലവും കണക്കൂട്ടിയാല്‍ നിലവില്‍ ലഭിക്കുന്ന വില കർഷകർക്ക് മുടക്ക് മുതല്‍ പോലും തിരിച്ച് കിട്ടാത്ത അവസ്ഥയാണ്. ഏലത്തിന്‍റെ വില സ്ഥിരത ഉറപ്പാക്കുന്നതിനും കടുത്ത പ്രതിസന്ധിയിലായ കര്‍ഷകർക്ക് അടിയന്തര സര്‍ക്കാര്‍ സഹായം ഉറപ്പാക്കണമെന്നുമാണ് കര്‍ഷകർ ആവശ്യപ്പെടുന്നത്.
ALSO READ:കർഷകർക്ക് ആശ്വാസം; ഏലവും, കുരുമുളകും സിവിൽസപ്ലൈസിന്‍റെ ചില്ലറ വിൽപനശാലകൾ വഴി വിതരണം നടത്തും
സ്ഥലം പാട്ടത്തിനെടുത്ത് ബാങ്ക് ലോണും വായ്‌പ്പയും വാങ്ങിയുമാണ് പല കര്‍ഷകരും ഏലം കൃഷി ആരംഭിച്ചത്. ഇവരെല്ലാം ഇന്ന് കടബാധ്യതയുടെ നടുവിലാണ്. ബാങ്ക് ലോണ്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്ത നിരവധി കര്‍ഷകര്‍ നിയമ നടപടികള്‍ നേരിടുന്ന അവസ്ഥയുമുണ്ട്. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും ഏലക്കായ്ക്ക് തറവില നിശ്ചയിക്കണമെന്നുമാണ് കര്‍ഷകരുടെ പ്രധാന ആവശ്യം.