ഇടുക്കി:ഏലം കർഷകർക്ക് ആശ്വാസമായി ഓണക്കിറ്റിൽ ഇത്തവണ ഏലക്കായും. ഇടുക്കിയിലെ ഏലം കർഷകർക്ക് ആശ്വാസമാകുകയാണ് സർക്കാരിന്‍റെ ഈ തീരുമാനം. രണ്ട് ലക്ഷം കിലോയോളം ഏലക്കയാണ് ഇതിനായി സർക്കാർ സംഭരിക്കുന്നത്. സർക്കാർ തീരുമാനം വന്നതോടെ ഏലം വിലയിലും നേരിയ വർധനവുണ്ടായി.
രണ്ടു വർഷം മുമ്പ് 6000 രൂപ വരെ വിലയുണ്ടായിരുന്ന ഏലത്തിന് ഇപ്പോൾ ലഭിക്കുന്നത് 1000 രൂപയിൽ താഴെയാണ്. ഇടുക്കി ജില്ല പഞ്ചായത്ത് മുന്നോട്ട് വച്ച ആവശ്യം സംസ്ഥാന സർക്കാർ അംഗീകരിച്ചതോടെയാണ് കർഷകർക്ക് ഇതൊരു ആശ്വാസ തീരുമാനമായത്. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പാണ് ഇതിനായുള്ള ഏലക്ക സംഭരിക്കുക.