ഇടുക്കി: കൊവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ചിരിക്കുന്ന ഏലക്കാ ലേലം പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള ആലോചനാ യോഗം കലക്ടറേറ്റിൽ ചേർന്നു. ജില്ലയുടെ ചുമതലയുള്ള മന്ത്രി എംഎം മണിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കുടിശികയായ ലേലത്തുക കൊടുത്തു തീർക്കാൻ ശക്തമായ ഇടപെടൽ ഉണ്ടാവണമെന്ന് സ്പൈസസ് ബോർഡിനോട് ആവശ്യപ്പെട്ടു. പുറ്റടി സ്പൈസസ് ബോർഡിലും, തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിലുമാണ് നിലവിൽ ഏലക്കാ ലേലം നടക്കുന്നത്.
ഏലകര്‍ഷകരെ സംരക്ഷിക്കുമെന്ന് മന്ത്രി എംഎം മണി - കാര്‍ഷിക വാര്‍ത്തകള്‍
കൊവിഡ് പശ്ചാത്തലത്തിൽ അവസാന ലേലത്തിൽ പിടിച്ച ഏലക്ക പലയിടങ്ങളിലും കെട്ടി കിടക്കുന്നതാണ് നിലവിൽ പ്രതിസന്ധിക്ക് കാരണം.
കൂടുതൽ മാർക്കറ്റിങ് തമിഴ്നാട്ടിലും ഉപഭോഗം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമാണ്. എന്നാൽ അവസാന ലേലത്തിൽ പിടിച്ച ഏലക്ക പലയിടങ്ങളിലും കെട്ടി കിടക്കുന്നതാണ് നിലവിൽ പ്രതിസന്ധിക്ക് കാരണം. ലോക്ക് ഡൗൺ ആയതിനാൽ നിലവിൽ ജില്ലയിൽ മെയ് 3 വരെ ലേലം നടത്തില്ല. ഇ - ലേലത്തോടൊപ്പം ഓൺലൈൻ പ്ലസ് ഓട്ടോമേറ്റഡ് ലേലം നടത്താനുള്ള സാധ്യതകൾ പരിഗണിക്കുമെന്ന് വീഡിയോ കോൺഫറൻസിലൂടെ സ്പൈസസ് ബോർഡ് സെക്രട്ടറി ഡി. സത്യൻ അറിയിച്ചു.
ഏലത്തിന്‍റെ കുടിശിക വില സംബന്ധിച്ച് കർഷകർക്ക് ഒരുതരത്തിലുമുള്ള ആശങ്ക വേണ്ടെന്നും കർഷകർക്ക് നിലവിലുള്ള വില്‍പ്പന പരിധി വർധിപ്പിക്കുന്നത് സംബന്ധിച്ച കാര്യം സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി എം.എം മണി പറഞ്ഞു. അടുത്ത അവലോകന യോഗം മെയ് 5 ന് ചേരും. യോഗത്തിൽ ജനപ്രതിനിധികളും, തോട്ടം ഉടമകളും, സ്പൈസസ് ബോർഡ് പ്രതിനിധികളും പങ്കെടുത്തു.