ഇടുക്കി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും പ്രകൃതി ക്ഷോഭവും ഏലം കര്‍ഷകരെ വീണ്ടും പ്രതിസന്ധിയിലാക്കുന്നു. വിലയിടിവിന് പുറമേ കഴിഞ്ഞ ആഴ്‌ചയുണ്ടായ കാറ്റിലും മഴയിലും കര്‍ഷകര്‍ക്ക് വ്യാപക നാശനഷ്‌ടമുണ്ടായി.
ലോക്ക്ഡൗണും പ്രകൃതി ക്ഷോഭവും; പ്രതിസന്ധിയിലായി ഏലം കര്‍ഷകര്‍ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തുന്നതിന് മുൻപ് ഏലക്കായുടെ വില കിലോഗ്രാമിന് 1000 രൂപയ്‌ക്ക് താഴെ എത്തിയിരുന്നു. വിലയിടിവിനൊപ്പം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും വന്നതോടെ കർഷകർ വീണ്ടും പ്രതിസന്ധിയിലായി. ഇതിനിടെ, കഴിഞ്ഞ ആഴ്‌ചയുണ്ടായ കാറ്റിലും മഴയിലും വ്യാപകമായി നാശനഷ്‌ടം സംഭവിച്ചു. 650 ഹെക്‌ടറോളം ഏലച്ചെടികള്‍ കഴിഞ്ഞ ദിവസങ്ങളിലെ കാറ്റിൽ ഒടിഞ്ഞുപോയതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
Also read: ഇടുക്കിയിൽ വീണ്ടും കാട്ടാന ശല്യം; 18 ഏക്കർ കൃഷി നശിപ്പിച്ചു
ചെടികൾ നശിച്ചതിനാൽ ജൂണിൽ തുടങ്ങുന്ന അടുത്ത സീസണിൽ ഉത്പാദനത്തിലും ഗണ്യമായ കുറവുണ്ടാകുമെന്ന് കർഷകർ ആശങ്കപ്പെടുന്നു. ലേലത്തിന് കർഷകരും വ്യാപാരികളും നൽകുന്ന കായ പ്രത്യേകമായി പതിപ്പിക്കാത്തതാണ് വില കുറയാൻ കാരണമെന്നും ആക്ഷേപമുണ്ട്. കർഷകരുടെയും വ്യാപാരികളുടേയും കായ ഒന്നിക്കുമ്പോൾ ഗുണനിലവാരം കുറയുന്നത് കർഷകർക്ക് തിരിച്ചടിയാകുന്നു. ഇതിനെതിരെ സ്പൈസസ് ബോർഡ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് കർഷക സംഘടനകൾ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചെങ്കിലും അതും പരിഗണിക്കപ്പെട്ടിട്ടില്ല. വ്യാപാരികളുടെ പക്കലുള്ള കായ വൻതോതിൽ ലേലത്തിനു വയ്ക്കുന്നത് ഒഴിവാക്കാനായി ഒരു കമ്പനിയുടെ ലേലത്തിൽ വയ്ക്കാവുന്ന ഉത്പന്നത്തിന്‍റെ അളവ് 50,000 കിലോ ആയി നിജപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.