ഇടുക്കി: കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് ഹൈറേഞ്ചിലെ ഏലം മേഖല കടുത്ത പ്രതിസന്ധിയില്‍. ഉല്‍പ്പാദന കുറവിനൊപ്പം ഏലത്തിന് ബാധിച്ച പഴുപ്പും ഇല കരിച്ചിലും കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. വേനല്‍ ആരംഭത്തിലുണ്ടായിരിക്കുന്ന രോഗബാധ വരും വര്‍ഷത്തെ ഉല്‍പ്പാദനത്തെയും ബാധിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ.
കാലാവസ്ഥാ വ്യതിയാനം; ഏലം മേഖല കടുത്ത പ്രതിസന്ധിയില്‍ - ഇടുക്കി
ഉല്‍പ്പാദന കുറവിനൊപ്പം ഏലത്തിന് ബാധിച്ച പഴുപ്പും ഇല കരിച്ചിലും കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു.
ഇടുക്കിയിലെ കാര്‍ഷിക മേഖലയുടെ വിലത്തകര്‍ച്ചയും ഉല്‍പ്പാദനകുറവും മൂലം കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ ആകെയുള്ള ആശ്വാസം ഏലം മേഖല മാത്രമായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി നിലവില്‍ ഏലത്തിന് നാലായിരത്തിനടുത്ത് വില ലഭിക്കുന്നുണ്ട്. എന്നാല്‍ ഉല്‍പ്പാദനത്തിലുണ്ടായിരിക്കുന്ന കുറവ് കര്‍ഷകര്‍ക്ക് തിരിച്ചടിയാണ് സമ്മാനിക്കുന്നത്. ഈ സാഹചര്യത്തിലാണ് കര്‍ഷകരുടെ പ്രതീക്ഷകള്‍ തകിടം മറിച്ച് വേനല്‍ ആരംഭത്തില്‍ ഏലത്തിന് പഴുപ്പും ഇല കരിച്ചിലും വ്യാപകമായിരിക്കുന്നത്. നനവെത്തിക്കുന്നതിന് വേണ്ട സംവിധാനമില്ലാത്ത തോട്ടങ്ങള്‍ ഇതോടെ പൂര്‍ണമായും ഉണങ്ങി നശിക്കുമെന്ന അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ വരും വര്‍ഷത്തില്‍ ഏലം ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഏലം മേഖലയെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ വേണ്ടരീതിയിലുള്ള സഹായങ്ങള്‍ ലഭ്യമാക്കിയില്ലെങ്കിൽ ഏലം കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും കര്‍ഷകര്‍ പറയുന്നു.