ജോൺസൺ കൊച്ചുപറമ്പിൽ മാധ്യമങ്ങളോട് ഇടുക്കി : കൃത്രിമ നിറ വിവാദം ഉയർത്തി ഏലം വിപണി ഇടിയ്ക്കാൻ ശ്രമം നടക്കുന്നതായി കർഷക സംഘടനകളുടെ ആരോപണം. സീസണിന്‍റെ തുടക്കത്തിൽ അനാവശ്യ വിവാദങ്ങൾ സൃഷ്‌ടിച്ച് കർഷകർക്ക് ലഭിയ്‌ക്കേണ്ട നേട്ടം ഇല്ലാതാകുകയാണെന്നുമാണ് ഇവർ ഉന്നയിക്കുന്ന പരാതി. നിറം വിവാദത്തിനൊപ്പം ഗ്വാട്ടിമാലയിൽ നിന്നുള്ള ഗുണമേന്മ കുറഞ്ഞ ഏലം എത്തിച്ച് ഇടുക്കിയിലെ ഏലവുമായി ഇടകലർത്തി വിപണിയിൽ എത്തിച്ചും വില ഇടിയ്‌ക്കുന്നതായും കർഷക സംഘടനകൾ ആരോപണം ഉന്നയിക്കുന്നു.
ഏലക്കയിൽ നിറം ചേർക്കുന്നത് തടയുന്നതിനായി തുടർച്ചയായ പരിശോധനകൾ നടത്താറില്ല. എന്നാൽ സീസൺ ആരംഭിക്കുമ്പോൾ വിവാദം ഉയർത്തുകയും ലേലം പോലും തടസപ്പെടുത്തി വില ഇടിയ്ക്കുകയും ചെയ്യും. ആദ്യ മൂന്ന് വിളവെടുപ്പ് കാലം കഴിയുന്നതോടെ, വിവാദങ്ങൾ അവസാനിക്കുകയും വിപണി ഉയർത്തുകയും ചെയ്യും.
ഏലത്തിൽ നിറം ചേർക്കുന്നത് കുറ്റകരമായ കാര്യമാണ്. ഇതിനായി കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തണം. കൃത്രിമം കണ്ടെത്തിയാൽ അവ പിടിച്ചെടുക്കുകയും നിയമം അനുശാസിക്കുന്ന ശിക്ഷ കുറ്റക്കാർക്ക് നൽകുകയും വേണം. അതിന് കർഷകനോ കർഷക സംഘടനകളോ എതിരല്ലെന്നും ചെറുകിട ഇടത്തരം ഏലം കർഷക അസോസിയേഷൻ അധ്യക്ഷനായ ജോൺസൺ കൊച്ചുപറമ്പിൽ പറഞ്ഞു.
അതേസമയം ആഭ്യന്തര വിപണിയിൽ നിറം ചേർത്ത ഏലത്തിന് പ്രത്യക വിപണിയാണുളളത്. ഡൽഹി, കാൺപൂർ എന്നിവിടങ്ങളിലുളള കച്ചവടക്കാരാണ് നിറം ചേർത്ത ഏലത്തിന്‍റെ ആവശ്യക്കാർ. വിപണി വിലയേക്കാൾ കൂടിയ തുകയ്‌ക്കാണ് കേരളത്തിൽ നിന്ന് കച്ചവടക്കാർ നിറം ചേർത്ത ഏലം കൊണ്ടുപോകുന്നതെന്നും ജോൺസൺ കൊച്ചുപറമ്പില്‍ കൂട്ടിച്ചേർത്തു. കയറ്റുമതി ചെയ്യുന്ന സാഹചര്യത്തിലാണ് കൃത്രിമ നിറം ചേർത്ത ഏലം പിടിക്കപ്പെടുന്നതും അന്താരാഷ്‌ട്ര വിപണിയെ പ്രതികൂലമായി ബാധിക്കുന്നതും.
ഏലം കുത്തകപ്പാട്ട ഭൂമി വിവരങ്ങള്‍ സമർപ്പിക്കാൻ സുപ്രീം കോടതി ; ഏലം കുത്തകപ്പാട്ട ഭൂമിയുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍ വിവരങ്ങളും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടുള്ള സുപ്രീം കോടതി ഉത്തരവില്‍ ആശങ്കയിലായി മേഖലയിലെ കർഷകർ. ജില്ലയിലെ ആയിരക്കണക്കിന് ആളുകള്‍ കൈവശമുള്ള ഭൂമി സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും സമര്‍പ്പിക്കുന്നത് അപ്രായോഗികമാണെന്നാണ് കര്‍ഷകരുടെ വാദം. ജില്ലയിലെ ഏലം കുത്തകപ്പാട്ട ഭൂമി വനമാക്കണമെന്ന ആവശ്യപ്പെട്ടുള്ള 'വണ്‍ എര്‍ത്ത് വണ്‍ ലൈഫ്' എന്ന സംഘടനയുടെ ഹര്‍ജിയില്‍ അന്തിമവിധി പുറപ്പെടുവിക്കുന്നതിന് മുന്നോടിയായാണ് മുഴുവന്‍ വിവരങ്ങളും നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്.
ALSO READ:ഇടുക്കി ഏലം കുത്തകപ്പാട്ട ഭൂമി; വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി, ആശങ്കയില്‍ കര്‍ഷകര്‍
ആശങ്കയ്‌ക്ക് കാരണമായ ഹര്‍ജി: ജില്ലയിലെ ഏലം തോട്ടങ്ങളെ സംബന്ധിച്ച് 2002ലാണ് 'വണ്‍ എര്‍ത്ത് വണ്‍ ലൈഫ്' കോടതിയെ സമീപിച്ചത്. 2,15,720 ഏക്കര്‍ ഭൂമി വന നിയമത്തിന്‍റെ പരിധിയില്‍ ഉൾപ്പെടുത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. 2005ലെ റിപ്പോര്‍ട്ടില്‍ 334 ചതുരശ്ര മൈല്‍ വരുന്ന ഏലത്തോട്ടങ്ങൾ വനമാണെന്നും കയ്യേറ്റവും അനധികൃത നിര്‍മാണവും നിയമവിരുദ്ധമായ പട്ടയ വിതരണം നടന്നിട്ടുണ്ടെന്നും പരാമര്‍ശിച്ചിരുന്നു.