ഇടുക്കി: ഏലം, കുരുമുളക് തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങൾ സിവിൽ സപ്ലൈസ് വകുപ്പിന്‍റെ ചില്ലറ വിൽപനശാലകൾ വഴി വിതരണം നടത്താൻ സർക്കാർ അനുമതി നൽകി. ഇടുക്കി ജില്ലാ പഞ്ചായത്തിന്‍റെ അഭ്യർഥന പ്രകാരമാണ് മുഖ്യമന്ത്രി പിണറായി വിജയനും ഭക്ഷ്യമന്ത്രി ജി. അനിലും പദ്ധതിക്ക് തത്വത്തിൽ അനുമതി നൽകിയത്.
ഏലം, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ വിലയിടിവ് ഇടുക്കിയുടെ കാർഷിക മേഖലക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ ഓണകിറ്റിൽ ഏലക്ക ഉൾപ്പെടുത്തിയതിനെ തുടർന്ന് ഏല വിപണിയിൽ നേരിയ മാറ്റം പ്രകടമായിരുന്നു.
ഇതിന് പിന്നാലെയാണ് കുരുമുളകും ഏലവും സിവിൽ സപ്ലൈസ് വകുപ്പിൻ്റെ ചില്ലറ വിൽപ്പന ശാലകൾ വഴി വിതരണം നടത്തണമെന്ന് ജില്ല പഞ്ചായത്ത് സർക്കാരിനോട് അഭ്യർഥിച്ചത്. ഇതിന് അംഗീകാരം ലഭിച്ചതോടെ, സുഗന്ധ വ്യഞ്ജനങ്ങളുടെ ആഭ്യന്തര ഉപഭോഗം ഗണ്യമായി വർധിക്കുമെന്നും കർഷകർക്ക് നേട്ടമാകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ.ഫിലിപ്പ് പറഞ്ഞു.