ഇടുക്കി : ദേവികുളം താലൂക്കിലെ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ആദ്യഘട്ടമായി മൂന്ന് വില്ലേജുകളിൽ പട്ടയം ലഭിച്ചവർക്ക് നോട്ടിസ് നൽകിത്തുടങ്ങി. അഞ്ചാം തീയതി ദേവികുളത്ത് ആദ്യ ഹിയറിംഗ് ജില്ല കലക്‌ടർ നടത്തും.
ദേവികുളം താലൂക്കിലെ ഒൻപത് വില്ലേജുകളിലായി, ഡെപ്യൂട്ടി തഹസിൽദാരായിരുന്ന എം ഐ രവീന്ദ്രൻ നൽകിയ 530 പട്ടയങ്ങൾ റദ്ദാക്കാൻ ജനുവരി 18-നാണ് സർക്കാർ ഉത്തരവിട്ടത്. റദ്ദാക്കൽ നടപടികൾക്കും പുതിയ പട്ടയങ്ങൾ നൽകുന്നതിനും നാൽപ്പതിലധികം ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. ഇവരുടെ കൂടി സഹായത്തോടെ പട്ടയം കിട്ടിയവർക്കും ഇപ്പോൾ ഭൂമി കൈവശംവച്ചിരിക്കുന്നവർക്കും നോട്ടിസ് നൽകും.
മറയൂർ,കാന്തല്ലൂർ, കീഴാന്തൂർ എന്നീ മൂന്ന് വില്ലേജുകളിലുള്ളവർക്കാണ് ആദ്യം നോട്ടിസ് നൽകുക. ഇവിടെ 37 പേർക്ക് പട്ടയം നൽകിയിട്ടുണ്ട്. ഈ ഭൂമി 54 പേർക്ക് മറിച്ച് വിറ്റിട്ടുമുണ്ട്. ഈ തൊണ്ണൂറ്റിയൊന്ന് പേർക്കും നോട്ടിസ് നൽകും. ഭൂമി സംബന്ധിച്ച് രേഖകളുമായി ദേവികുളം ആർഡിഒ ഓഫിസിലാണ് ഹാജരാകേണ്ടത്. ഇതിനുശേഷം മറ്റ് വില്ലേജുകളിലുള്ളവർക്കും നോട്ടിസ് നൽകും.