ഇടുക്കി: ഇടുക്കിയിലെ ബഫർസോൺ വിഷയത്തിൽ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിയൊരുക്കിയ മന്ത്രി പി പ്രസാദിന്‍റെ ഹര്‍ജിയില്‍ മറുപടിയുമായി സിപിഐ. പി പ്രസാദ് ഗ്രീന്‍ ട്രിബ്യൂണലില്‍ നല്‍കിയ ഹര്‍ജി നിലവിലില്ലെന്നും ജൂലൈ 27ന് ഹര്‍ജി തള്ളിയതാണെന്നും സിപിഐ ഇടുക്കി ജില്ല സെക്രട്ടറി കെ കെ ശിവരാമന്‍ പറഞ്ഞു. സിപിഐയെ എല്‍ഡിഎഫില്‍ ഒറ്റപ്പെടുത്തി, ഇതിനെല്ലാം കാരണം സിപിഐയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ശിവരാമന്‍ കൂട്ടിച്ചേർത്തു.
മന്ത്രി പി പ്രസാദിന്‍റെ ഹര്‍ജിയില്‍ മറുപടിയുമായി സിപിഐ മന്ത്രിക്കെതിരെ പ്രതിഷേധം കടുക്കുന്നു:ബഫര്‍സോണ്‍ വിഷയം ഉയര്‍ന്നത് മുതല്‍ ഏറെ വിവാദ ചര്‍ച്ചകള്‍ക്ക് വഴിമാറിയതാണ് മന്ത്രി പി പ്രസാദ് ഗ്രീന്‍ ട്രിബ്യൂണലില്‍ നല്‍കിയ ഹർജി. സിപിഎം നേതൃത്വവും വിഷയത്തിൽ പ്രസാദിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. സിപിഐ ജില്ല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പി പ്രസാദ് എത്തുന്ന ദിവസമായ ഓഗസ്റ്റ് 27ന് ദേവികുളം താലൂക്കില്‍ അതിജീവന പോരാട്ടവേദി ഹര്‍ത്താലിനും ആഹ്വനം ചെയ്‌തിരുന്നു.
ഇതിന് പിന്നാലെയാണ് വിശദീകരണവുമായി സിപിഐ ഇടുക്കി ജില്ല സെക്രട്ടറി കെ കെ ശിവരാമന്‍ രംഗത്തെത്തിയത്. ഗ്രീന്‍ ട്രിബ്യൂണലില്‍ പ്രസാദ് നല്‍കിയിരിക്കുന്ന ഹര്‍ജി തീര്‍പ്പാക്കിയതിന്‍റെ രേഖകളും ശിവരാമന്‍ പുറത്ത് വിട്ടു. ഹര്‍ത്താല്‍ നടത്തുന്ന അതിജീവന പോരാട്ടവേദിക്കെതിരേയും ശിവരാമന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
ഗ്രീന്‍ ട്രിബ്യൂണലില്‍ പ്രസാദ് നല്‍കിയിരിക്കുന്ന ഹര്‍ജി തീര്‍പ്പാക്കിയതിന്‍റെ രേഖകൾ ശിവരാമന്‍ പുറത്ത് വിട്ടു സിപിഐയുടെ ജില്ല സമ്മേളനം നടക്കുമ്പോള്‍ നെറികെട്ട ആരോപണം ഉന്നയിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്. അത് പ്രസാദിനെതിരേയല്ല. സിപിഐ എന്താണ് കൃഷിക്കാരോട് ചെയ്‌ത ദ്രോഹമെന്ന് അവര്‍ പറയണമെന്നും, ഇതുവരെ അവർ പറഞ്ഞിട്ടില്ലെന്നും കെ കെ ശിവരാമന്‍ പറഞ്ഞു.
ഇപ്പോള്‍ ഹര്‍ത്താല്‍ നടത്തുന്നവര്‍ മുൻപ് ജനങ്ങള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയ വിഷയങ്ങള്‍ ജില്ലയില്‍ ഉണ്ടായിരുന്നപ്പോള്‍ കണ്ടിട്ടില്ലെന്നും ശിവരാമന്‍ കുറ്റപ്പെടുത്തി.