ഇടുക്കി : ബഫർസോൺ വിഷയത്തിൽ സുപ്രീംകോടതി വിധി അസ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇടുക്കി ജില്ലയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താർ പൂർണം. ബഫർസോൺ വിഷയത്തിൽ കര്‍ഷകര്‍ അടക്കമുള്ള ഇടുക്കിയിലെ സാധാരണക്കാരുടെ ഭീതി അകറ്റാന്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും അടിയന്തരമായി ഇടപെടണമെന്ന് യുഡിഎഫ് ആവശ്യപ്പെടുന്നു.
പരിസ്ഥിതി ലോല പ്രദേശ നിർണയ കാര്യത്തിൽ യുഡിഎഫ് സ്വീകരിച്ചതിന് കടകവിരുദ്ധമായ നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളത്. കസ്‌തൂരി രംഗൻ റിപ്പോർട്ടിന്‍റെ പേരുപറഞ്ഞ് എൽഡിഎഫ് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്നും യുഡിഎഫ് ആരോപിക്കുന്നു.ഹർത്താലിന്‍റെ ആദ്യ മണിക്കൂറുകളിൽ ജില്ലയിലെ എല്ലാ പ്രദേശങ്ങളിലെയും കടകൾ അടഞ്ഞുകിടക്കുകയാണ്.
ഇടുക്കിയിൽ യുഡിഎഫ് ഹർത്താൽ ആദ്യ മണിക്കൂറുകളിൽ പൂർണം സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയിട്ടുള്ളത്. ചെക്ക് പോസ്റ്റുകളിലൂടെയുള്ള ചരക്ക് ഗതാഗതം നിലച്ചു. കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ ജില്ലയിൽ നടക്കുന്നുണ്ട്. ചെറുതോണി, തൊടുപുഴ, കട്ടപ്പന, നെടുങ്കണ്ടം, അടിമാലി, കുമളി, മൂന്നാർ, രാജകുമാരി മേഖലകളിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. കമ്പംമെട്ട്, ബോഡിമെട്ട് ചെക്ക് പോസ്റ്റുകളിലൂടെ വാഹനങ്ങൾ കടന്നു വരുന്നില്ല. എന്നാൽ കുമളി ചെക്ക് പോസ്റ്റ് വഴി സ്വകാര്യ വാഹനങ്ങളെത്തുന്നുണ്ട്.
തോട്ടം മേഖല നിശ്ചലമാണ്. തമിഴ്‌നാട്ടിൽ നിന്നുള്ള തൊഴിലാളികളും ഇന്ന് ജോലിക്ക് എത്തിയില്ല. വിവിധ ടൗണുകളിൽ പ്രവർത്തകർ വാഹനങ്ങൾ തടയുന്നുണ്ട്. വിവിധ കേന്ദ്രങ്ങളിൽ പ്രകടനവും നടന്നു.