ഇടുക്കി:പരിസ്ഥിതി ലോല പ്രദേശത്തെ സംബന്ധിച്ച വിഷയത്തില്‍ ആശങ്കയൊഴിയാതെ മലയോര മേഖല. മതികെട്ടാന്‍ ചോല ദേശീയ ഉദ്യാനത്തിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോല പ്രദേശമായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അന്തിമ വിഞ്ജാപനം ഇറക്കിയതോടെ തോട്ടം തൊഴിലാളികളടക്കം തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍ പരിസ്ഥിതി ലോല പ്രദേശത്തായി.
പൂപ്പാറ വില്ലേജിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനത്തിന്‍റെ വടക്ക്-കിഴക്ക് അതിരുമുതൽ തെക്ക് വരെ ഒരു കിലോമീറ്റർ വീതിയിൽ 17.5 ചരുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. കേരളത്തില്‍ വനമേഖല ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ സംരക്ഷിക്കുന്നതിനാല്‍ പരിസ്ഥിതി ലോല പ്രദേശം വേണ്ടെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാൽ ഈ തീരുമാനം അട്ടിമറിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഒരു കിലോമീറ്റര്‍ പരിധി നിശ്ചയിക്കുകയായിരുന്നു.
പരിസ്ഥിതി ലോല പ്രദേശം തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുമായോ, സംഘടനകളുമായോ വനം വകുപ്പ് ഉൾപ്പെടെയുള്ള അധികൃതർ ചർച്ച നടത്തുകയോ, അഭിപ്രായം ആരായുകയോ ചെയ്തിട്ടില്ല. മതികെട്ടാന്‍ ചോല ഉദ്യാനത്തോട് ചേർന്ന് കിഴക്കേ അതിരിൽ തമിഴ്‌നാട് ആണെങ്കിലും ഇവിടം പരിസ്ഥിതി ലോല പ്രദേശത്തിന്‍റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ ബഫർ സോണായി തെരഞ്ഞെടുത്തിരിക്കുന്ന പ്രദേശങ്ങൾ ഉൾപ്പെടുന്ന പൂപ്പാറ വില്ലേജിൽ വന നശീകരണമോ, ദേശീയോദ്യാനത്തിന് ദോഷകരമായ പ്രവർത്തനങ്ങളോ നടക്കുന്നില്ല. പൂപ്പാറ ടൗൺ, തലക്കുളം തോണ്ടിമല, കോരംപാറ, മുള്ളൻതണ്ട് തുടങ്ങി നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങൾ പരിസ്ഥിതി ലോല പ്രദേശത്താകും.