ഇടുക്കി:സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണം നല്‍കുന്നത് വ്യാപിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ്. ഇതിന്‍റെ ഭാഗമായി ഇടുക്കി ജില്ലാതല ഉദ്‌ഘാടനം നിര്‍വഹിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പാമ്പാടുംപാറ എല്‍പി സ്‌കൂളിലാണ് വിദ്യാഭ്യാസ മന്ത്രി ഇന്ന് പദ്ധതി ഉദ്‌ഘാടനം ചെയ്‌തത്.
ഇടുക്കിയിലെ സ്‌കൂളുകളിലും പ്രഭാത ഭക്ഷണം വിളമ്പാന്‍ വിദ്യാഭ്യാസ വകുപ്പ് ; തോട്ടം തൊഴിലാളികളുടെ കുട്ടികള്‍ക്കടക്കം ആശ്വാസം - വി ശിവന്‍കുട്ടി
തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണം വിളമ്പാന്‍ വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിടുന്നത്. ഇതിന്‍റെ ഭാഗമായാണ് ഇടുക്കിയില്‍ ജില്ലാതല ഉദ്‌ഘാടനം വി ശിവന്‍കുട്ടി നിര്‍വഹിച്ചത്
തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് സംസ്ഥാനത്തൊട്ടാകെ പദ്ധതി നടപ്പിലാക്കാന്‍ വകുപ്പ് നീക്കം നടത്തുന്നത്. ഇടുക്കിയിലെ തോട്ടം മേഖലയിലെ, കുട്ടികള്‍ക്ക് പദ്ധതി ഏറെ ഗുണകരമാവും എന്നതിനാലാണ് സര്‍ക്കാര്‍ നീക്കം. തൊഴിലാളികളായ മാതാപിതാക്കള്‍ അതിരാവിലെ വീടുകളില്‍ നിന്ന് ഇറങ്ങുന്നതിനാല്‍ പല കുട്ടികള്‍ക്കും പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണം ലഭിയ്ക്കാറില്ല. സംസ്ഥാന സര്‍ക്കാരിന്‍റെ 'ഒരുമയോടെ, ഒരുമനസായി' എന്ന കാമ്പയിനിലൂടെ, സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണം എത്തിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്.
നിലവില്‍ സംസ്ഥാനത്ത് 2,200ത്തിലധികം സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണം നല്‍കുന്നുണ്ട്. മുഴുവന്‍ സ്‌കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാഭ്യാസ വകുപ്പ്.